സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അടുത്തമാസം മുതല്‍ പ്രസാദ വിതരണത്തിന് ഇനി ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അടുത്തമാസം ഒന്നു മുതല്‍ ഭക്തജനങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകളില്‍ കൂടി പ്രസാദങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി. പ്രസാദ വിതരണം ചെയ്യാന്‍ 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചും 2011 ലെ ഭക്ഷ്യസുരക്ഷാ റെഗുലേഷന്‍ അനുസരിച്ചുമുള്ള ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമായി നേടിയിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ആരാധനാലയങ്ങളില്‍ ഭക്തജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്ന പ്രസാദമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം കാത്തു സൂക്ഷിക്കണമെന്നും പ്രസാദ നിര്‍മാണത്തിനായി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വാങ്ങാവൂ എന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണെന്നും കമ്മീഷണര്‍ അറിയിച്ചു.
ആരാധനാലയങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലും സ്‌റ്റോര്‍ റൂമുകളിലും നിയമാനുസൃതമായുള്ള സുരക്ഷകള്‍ പാലിക്കേണ്ടതും വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയങ്ങളിലെ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യുന്നതിനും ഭക്തര്‍ക്ക് കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. നിശ്ചിത ഇടവേളകളില്‍ ജലത്തിന്റെ പരിശോധന നടത്തി പാനയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും മേല്‍പ്പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ആരാധനാലയ അധികൃതര്‍ ഉറപ്പുവരുത്തേണ്ടതും ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതുമാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























