ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണാഘോഷം ; സമാനതകളില്ലാത്ത ദുരന്തം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന് ഇരുപതിലധികം പേർ മരിച്ചിട്ടും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഓണാഘോഷത്തിന് ഒരുങ്ങുന്നു

ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണാഘോഷം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഓഫീസുകൾ. പതിനായിരകണക്കിന് രൂപയാണ് ഇതിനു വേണ്ടി ജീവനക്കാർ പിരിച്ചെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ തെക്കും വടക്കും മഴ കൊണ്ട് മുടിയുമ്പോൾ സർക്കാർ ഓഫീസുകളിൽ പാട്ടുകച്ചേരിയും തിരുവാതിരയും പൊടിപൊടിക്കുകയാണ്.
ഓണാഘോഷ പരിപാടികൾ നിർത്തിവച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സർക്കാർ ജീവനക്കാർക്ക് ഒരു കുലുക്കവുമില്ല. അവർ ഡാൻസും പാട്ടുമൊന്നും മുടക്കാൻ തയ്യാറല്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉപദേശ രൂപേണയുള്ളതായിരുന്നു. അതാണ് ഉത്തരവ് അനുസരിക്കാൻ സർക്കാർ ജീവനക്കാരെ വിമുഖരാക്കിയത്. സർക്കാർ ജീവനക്കാർ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം പേർ മാത്രമാണുള്ളത്. മാറി മാറി വരുന്ന എല്ലാ സർക്കാരുകളും അവരുടെ നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. പാവപ്പെട്ട മനുഷ്യർ പ്രളയത്തിൽ പെട്ട് മരിക്കുമ്പോഴാണ് സർക്കാർ ഓഫീസിലെ പേക്കൂത്തകൾ.
സർക്കാർ ഓഫീസിലെ രീതികൾ പണ്ടേ ഇങ്ങനെയാണ്. ഫയലുകൾ ഓരോ മനുഷ്യരുടെയും ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആരും ഗൗരവമായെടുക്കുന്നില്ല. മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ അവഗണിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മുഖ്യമന്ത്രി ആരാണെന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രശ്നമില്ല. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് അവരുടെ ലൈൻ.സാധാരണക്കാരന്റെ വേദനകൾ അവർക്ക് മനസിലാക്കേണ്ട കാര്യമില്ല. പരീക്ഷ പാസായി ജോലി കിട്ടിയാൽ പിന്നെ ഒരൊറ്റ ഓട്ടമാണ്.
സർക്കാർ പോലും ഓണാഘോഷം വേണ്ടെന്നു വയ്ക്കാനുള്ള ഒരുക്കത്തിലാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതിനകം പറഞ്ഞു കഴിഞ്ഞു. മന്ത്രിക്ക് തോന്നിയ മനസു പോലും ജീവനക്കാർക്കില്ല. പ്രതിബന്ധതയുള്ള സർക്കാരാണെങ്കിൽ സർക്കാർ ഓഫീസുകളിലെ ഓണാഘോഷം നിരോധിക്കുകയാണ് വേണ്ടത്. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥർ പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വകയിരുത്തണം.
https://www.facebook.com/Malayalivartha
























