ജ്യോത്സ്യന്റെ ആ പ്രവചനം അനീഷിനെ ഭ്രാന്തനാക്കി; രണ്ട് വർഷമായി നിഴലുപോലെ കൂടെനടന്ന് നേടിയെടുത്ത സിദ്ധികൾ കൃഷ്ണൻ ആവാഹിച്ചെടുത്തെന്ന് കേട്ടതോടെ കൊടുംപക കനലായി എരിഞ്ഞു! ദിവ്യ ശക്തി തട്ടിയെടുത്ത കൃഷ്ണന്റെയും കുടുംബത്തിന്റെയും അസ്ഥിവാരം തകർക്കാൻ അരുമശിഷ്യനും കൂട്ടാളിയും ഇറങ്ങി പുറപ്പെട്ടപ്പോൾ....

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണനെയും ഭാര്യയേയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അനീഷിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്നാണ് അനീഷിന്റെ മൊഴി. കൃഷ്ണന്റെ ശിഷ്യത്വം ഉപേക്ഷിച്ച അനീഷ് ആറ് മാസത്തോളം ജ്യോത്സ്യനൊപ്പം മന്ത്രവിധികള്‍ അഭ്യസിച്ചിരുന്നു. അനീഷിന്റെ മന്ത്രവാദം ഫലിക്കാത്തത് കൃഷ്ണന്‍ ജീവിച്ചിരിക്കുന്നതിനാലാണെന്നും 300 മൂര്‍ത്തികളുടെ ശക്തി കൃഷ്ണനുണ്ടെന്നും അനീഷിനെ ജ്യോത്സ്യന്‍ വിശ്വസിപ്പിച്ചു. കേസില്‍ അടിമാലി സ്വദേശിയായ ജ്യോത്സ്യനെയും അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാറിനെയും പോലീസ് അന്വേഷിക്കുകയാണ്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകം നടത്താന്‍ അനീഷിനെ പ്രേരിപ്പിച്ചെന്ന കുറ്റമാണ് ജ്യോത്സ്യനെതിരെ ചുമത്തിയിരിക്കുന്നത്. അനീഷിനെ ചോദ്യംചെയ്തപ്പോഴാണു ജോത്സ്യന്റെ പങ്ക് പോലീസിനു വ്യക്തമായത്. പ്രധാനപ്രതികള്‍ അറസ്റ്റിലായതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു. അനീഷിനെ കൃഷ്ണനു പരിചയപ്പെടുത്തിയ അടിമാലി സ്വദേശി കൃഷ്ണകുമാറും ഒളിവിലാണ്. അനീഷിനെ ഇന്നലെ അടിമാലിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. സംഭവസമയം അനീഷ് ധരിച്ചിരുന്ന മഴക്കോട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കൊലപാതകശേഷം അടിമാലിയിലേക്കു മടങ്ങുമ്പോള്‍ കോട്ട് നേര്യമംഗലം പാലത്തിനു സമീപം അരുവിയില്‍ ഉപക്ഷിച്ചെന്നാണ് അനീഷിന്റെ മൊഴി. രണ്ടാംപ്രതി ലിബീഷ് ബാബു, കവര്‍ച്ചാസ്വര്‍ണം പണയംവയ്ക്കാന്‍ സഹായിച്ച സുനീഷ്, പ്രതികള്‍ക്കു കൈയുറയും മറ്റും വാങ്ങിനല്‍കിയ ശ്യാം പ്രസാദ് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനീഷിന്റെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കുമെന്നു ഡിവൈ.എസ്.പി: കെ.പി. ജോസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























