ഇടുക്കി ചെറുതോണി അണക്കെട്ടിന് അഞ്ച് അല്ല,മൊത്തം ഏഴ് ഷട്ടറുകള്‍; ആ രണ്ട് ഷട്ടറുകള്‍ തുറക്കാത്തതിന് പിന്നിലെ കാരണം...

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങളായിരുന്നു. വന്‍ ജനാവലിയെ നിയന്ത്രിക്കാനാകാതെ ആയിരുന്നു പോലീസ് സന്നാഹം. തുറന്ന അഞ്ചു ഷട്ടറുകള്‍ക്കു പുറമേ രണ്ടു ഷട്ടറുകള്‍കൂടി ചെറുതോണി അണക്കെട്ടിനുണ്ട്. ഏഴു ഷട്ടറുകളും തുറന്നാല്‍ കേരളത്തിന്റെ ഭാവി പ്രവചനാതീതമാകും. ജലാശയത്തിന്റെ അടിത്തട്ടോടു ചേര്‍ന്നാണ് (റിവര്‍ ബഡ് ലവല്‍) രണ്ടു ഷട്ടറുകള്‍ ഉള്ളത്. വെര്‍ട്ടിക്കല്‍ ഗേറ്റ് എന്നാണ് ഇതിനു പറയുന്നത്.
തുറന്ന അഞ്ചു ഷട്ടറുകള്‍ റേഡിയല്‍ ഗേറ്റുകളാണ്. 30 അടി ഉയരവും 40 അടി വീതിയുമാണ് റേഡിയല്‍ ഗേറ്റിനുള്ളത്. ഇത് 30 അടിവരെ ഉയര്‍ത്താം. റേഡിയല്‍ ഗേറ്റുകള്‍ സമുദ്രനിരപ്പില്‍നിന്നും 2370 അടി ഉയരത്തിലാണ്. റേഡിയല്‍ ഗേറ്റുകള്‍ തുറന്നാല്‍ ഡാമിന്റെ 2370 അടിക്കുമുകളിലുള്ള വെള്ളമേ പുറത്തേക്കൊഴുകൂ. ഇപ്പോഴത്തെ അവസ്ഥയില്‍ ഷട്ടറുകള്‍ക്കു മുകളില്‍ 31 അടി വെള്ളമാണുള്ളത്. പുതിയ ഡാമുകളുടെ ഉയരം സമുദ്രനിരപ്പില്‍നിന്നാണു കണക്കാക്കുന്നത്. ഡാമുകള്‍ തമ്മിലുള്ള താരതമ്യത്തിനാണ് സമുദ്രനിരപ്പില്‍നിന്നുള്ള ഏകീകൃത അളവ് മാനദണ്ഡമാക്കിയത്.
സമുദ്രനിരപ്പില്‍നിന്നും 2407 അടിയാണ് ഇടുക്കി ഡാമിന്റെ ഉയരം. തറയില്‍നിന്ന് 547 അടി. വെര്‍ട്ടിക്കല്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് ചെറുതോണി ഡാമിന്റെ അടിത്തട്ടിനോടു ചേര്‍ന്നാണ്. ഡാമിലെ ജലനിരപ്പ് റേഡിയല്‍ ഷട്ടറുകള്‍ ഉയര്‍ത്തി നിയന്തിക്കാനാകാത്ത അടിയന്തരഘട്ടങ്ങളില്‍ മാത്രമേ വെര്‍ട്ടിക്കല്‍ ഷട്ടര്‍ തുറക്കൂ. 1981ല്‍ ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പരീക്ഷണാര്‍ഥം ഒരു വെര്‍ട്ടിക്കല്‍ ഗേറ്റ് സെക്കന്‍ഡുകള്‍ തുറന്നിരുന്നു. ഭീതിജനകമായ സാഹചര്യമാണ് അന്നുണ്ടായത്. നിമിഷങ്ങള്‍ക്കകംതന്നെ ഗേറ്റ് (ഷട്ടര്‍) അടയ്ക്കുകയും ചെയ്തു. കിലോമീറ്റര്‍ ദൂരത്തിലാണ് വെള്ളം കുതിച്ചുചാടിയത്. വെര്‍ട്ടിക്കല്‍ ഗേറ്റ് തുറക്കുന്‌പോള്‍ ഡാമിലെ ആകെ വെള്ളത്തിന്റെസമ്മര്‍ദമാണ് അവിടേക്കെത്തുക.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ റേഡിയല്‍ ഗേറ്റുകള്‍ അഞ്ചും ഇതുപോലെ തുറന്നിരിക്കുന്നതും ചരിത്രത്തിലാദ്യമാണ്. 1992 ഒക്ടോബര്‍ 12 മുതല്‍ 16 വരെ മൂന്നു ഷട്ടറുകള്‍ തുറന്നുവച്ചിട്ടുണ്ട്. 1992 നവംബര്‍ 17നാണ് അഞ്ചുഷട്ടറുകളും ആദ്യമായി തുറന്നത്. 17ന് രാത്രിയിലായിരുന്നു അഞ്ചാമത്തെ ഷട്ടര്‍ (ഗേറ്റ്) തുറന്നത്. അന്നും ചെറുതോണി പാലത്തില്‍ വെള്ളംകയറി. രാവിലെ നാലു ഷട്ടറുകളും താഴ്ത്തുകയും ചെയ്തു.
1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തേക്ക് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മത്സ്യങ്ങളുടെ വരവ് ചെറുതോണിക്കാര്‍ മറന്നിട്ടില്ല. അന്‍പതും എണ്‍പതും കിലോയുള്ള വമ്പന്‍ മല്‍സ്യങ്ങളാണ് അന്ന് ഷട്ടറിനടിയിലൂടെ പുറത്തേക്കു ചാടിയത്. ഉയരത്തില്‍ നിന്നു താഴേക്കുള്ള വെള്ളത്തിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രഹരത്തില്‍ ഒട്ടേറെ മല്‍സ്യങ്ങള്‍ ചത്തു മലച്ചു.
പുഴയില്‍ മീന്‍ പിടിക്കാന്‍ ചാടിയവരെ നിയന്ത്രിക്കാന്‍ പോലീസിനു പോലുമായില്ല. ഡാം തുറന്നാല്‍ ഈ ചാകരക്കൊയ്ത്ത് വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മീന്‍പിടിക്കാനുള്ള എല്ലാ തയാറെടുപ്പമായി കാത്തിരിക്കുകയാണു ചെറുതോണിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍. വടം കെട്ടിയാണ് ജനക്കൂട്ടത്തെ പോലീസ് അന്നു നിയന്ത്രിച്ചത്.
മൈക്ക് അനൗണ്‍സ്മെന്റും, വാക്കിടോക്കിയും ഉപയോഗിച്ചാണ് പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടപ്പോള്‍ വിദ്യാധിരാജ സ്‌കൂളിനോടു ചേര്‍ന്നുണ്ടായിരുന്ന തൂക്കുപാലം തകര്‍ന്നു.
വെള്ളം തുറന്നുവിട്ടതിനു ശേഷം ഓരോ സ്ഥലത്തേയും മഴയുടെ തോത്, വെള്ളമൊഴുക്ക് എന്നിവ ചീഫ് എഞ്ചിനീയര്‍ക്ക് അധികൃതര്‍ കൈമാറിക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനുമുളള നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ നടുവിലത്തെ രണ്ടെണ്ണമാണ് ഏറ്റവും ആദ്യം ഉയര്‍ത്തിയത്. വീണ്ടും 11 വര്‍ഷത്തിനു ശേഷം 1992 ഒക്ടോബര്‍ 11 ന് രാവിലെ ഒന്‍പതിന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.
അന്നും ഈ അപൂര്‍വ ദൃശ്യം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. 1981 ലും 1992 ലും ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണു ഡാം തുറന്നത്. 2013ല്‍ വെള്ളം 2401.5 അടി പിന്നിട്ടെങ്കിലും ഷട്ടറുകള്‍ തുറന്നില്ല. ഇത്തവണ ജലനിരപ്പ് 2397 അടി എത്തുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണസംഭരണശേഷി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 135.80 അടിയാണ്.
https://www.facebook.com/Malayalivartha

























