പ്രളയക്കെടുതിയില്‍:നഷ്ടം 8316 കോടി; അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് പിണറായി; ആദ്യം 100 കോടി മറ്റു സഹായങ്ങള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമെന്ന് കേന്ദ്രം

അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം നല്‍കി. തുടര്‍ന്ന് കേരളത്തിന് നൂറു കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അറിയിച്ചിരുന്നു.ഇതില്‍ 820 കോടി ആദ്യഘട്ടത്തിലെ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും കേന്ദ്രസംഘം ശിപാര്‍ശ ചെയ്തതുമാണ്. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് മഴക്കെടുതി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ 186 പേരാണ് മരിച്ചത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പതിനാലില്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിട്ടു. നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണം. 1924നുശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച വരെയും ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച വരെയുമാണ് റെഡ് അലര്‍ട്ട്.

ഇതുവരെ 39 പേര്‍ മരിച്ചു. ഞായറാഴ്ച വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. എട്ടിന് ശേഷമുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരുടെ എണ്ണം അഞ്ചാണ്. ഇടുക്കിയില്‍ മൂന്നും പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഓരോ ആള്‍ വീതവും. വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂര്‍കൊണ്ട് 1.82 അടി താഴ്ന്ന് 2398.66 അടിയിലെത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് 2400.48 അടിയായിരുന്നു ജലനിരപ്പ്. സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ എന്ന തോതില്‍ അഞ്ച് ഷട്ടറിലൂടെ വെള്ളം തുറന്നുവിട്ട് 24 മണിക്കൂര്‍ പിന്നിട്ടതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. അതേ സമയം ഇടമലയാര്‍ അണക്കെട്ടില്‍ മൂന്നു ഷട്ടര്‍ കൂടി തുറന്നു. ഇതോടെ ഡാമിന്റെ നാലു ഷട്ടറിലൂടെയും വെള്ളം നദിയിലേക്ക് ഒഴുകുകയാണ്. അണക്കെട്ടിന്റെ പരമാവധി ശേഷിയായ 169 മീറ്ററില്‍ താഴെ ജലനിരപ്പ് നിര്‍ത്തുന്നതിനാണ് നാലാമത്തെ ഷട്ടറും തുറന്നത്.




https://www.facebook.com/Malayalivartha

























