'അമ്മ മരിച്ചെന്ന അച്ഛന്റെ വാക്കുകൾ വിശ്വസിച്ച് ജീവിച്ചത് എട്ട് വർഷങ്ങൾ... പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ നടത്തുന്ന സേവനപ്രവര്‍ത്തനത്തിലൂടെ അച്ഛന്റെയും മകന്റെയും മുന്നിൽ അമ്മയെത്തി...

മധ്യപ്രദേശിലെ സുല്‍ത്താന്‍പുരിലുള്ള ലത എട്ട് വര്‍ഷമായി മരിച്ചുവെന്നാണ് ബന്ധുക്കള്‍ വിശ്വസിച്ചിരുന്നത്. ട്രെയിന്‍ അപകടത്തില്‍ മരിച്ചുവെന്നായിരുന്നു കരുതിയത്. ലതയുടെ മകന്‍ രാഹുലിനോട് പിതാവും ഇത് തന്നെയായിരുന്നു പറഞ്ഞിരുന്നത്. മരിച്ചുവെന്ന് കരുതിയ അമ്മയെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് തിരികെ കിട്ടി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ നടത്തുന്ന സേവനപ്രവര്‍ത്തനമാണ് അമ്മയെ കണ്ടെത്താന്‍ മധ്യപ്രദേശുകാരനായ മകന് സഹായകമായത്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ ഭര്‍ത്താവിനെയും മകനെയും കണ്ട് അമ്മ പൊട്ടിക്കരഞ്ഞു. തിങ്കളാഴ്ച ഇവര്‍ക്കൊപ്പം അമ്മ മധ്യപ്രദേശിലേക്ക് പോകും. ടെക്‌നോപാര്‍ക്ക് യുഎസ്ടി ഗ്ലോബിലെ ജീവനക്കാരായ അജിത് ഗുപ്ത, അരുണ്‍ നകുലന്‍, രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തുകയും ചികിത്സയില്‍ കഴിഞ്ഞിരുന്ന ലതയുമായി പരിചയത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് ലത തന്റെ കാര്യങ്ങള്‍ ഇവരോട് വിവരിക്കുകയായിരുന്നു.
സ്ഥലവും ഭര്‍ത്താവിന്റെ പേരും മറ്റ് വിവരങ്ങളും ലത ഇവരോട് പറഞ്ഞു. തുടര്‍ന്ന് അജിത്തിന്റെ നേതൃത്വത്തില് സുല്‍ത്താന്‍പൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും കാര്യം തിരക്കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷത്തിന് ഒടുവില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവിനെ കണ്ടെത്തി. തുടര്‍ന്ന് ലതയുടെ ഭര്‍ത്താവിനെയും മകനെയും കേരളത്തില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























