നാല് ഷട്ടറുകളും വീണ്ടും ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്...

നാല് ഷട്ടറുകളും വീണ്ടും ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. ഞായറാഴ്ച വൈകുന്നേരം 168.90 മീറ്റര്‍ ആയിരുന്ന സംഭരണിയിലെ ജലനിരപ്പ് ഇന്ന് രാവിലെ 168.84 മീറ്ററായി കുറഞ്ഞു.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ വീണ്ടും ശക്തമായതാണ് സംഭരണിയിലെ ജലനിരപ്പ് കാര്യമായി താഴാതെ നില്‍ക്കുന്നതിനു കാരണം. ഞായറാഴ്ച വൈകുന്നേരത്തോടെ നാല് ഷട്ടറുകളും ഓരോ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 400 ഘനമീറ്റര്‍ (നാല് ലക്ഷം ലിറ്റര്‍) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. 28 ചതുരശ്ര കിലോമീറ്റര്‍ സംഭരണിയുള്ള ഡാമിന് 300 ചതുരശ്ര കിലോമീറ്റര്‍ വ്യഷ്ടി പ്രദേശമാണുള്ളത്. ഈ ഭാഗങ്ങളിലെവിടെ മഴയുണ്ടായാലും വെളളം ഒഴുകിയെത്തുന്നത് ഡാമിലേക്കാണ്. ഇതിന് മുന്‍പ് ഏറ്റവും ഒടുവില്‍ ഡാം തുറന്നത് 2013 ല്‍ ആയിരുന്നു.
അന്ന് സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് രാത്രിയില്‍ ഡാം തുറക്കുകയായിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ അന്ന് ഡാം തുറന്നത് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭരണി തുറന്നുവിട്ടിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ജലനിരപ്പ് കുറഞ്ഞതിനാല്‍ നാല് ഷട്ടറുകളില്‍ മൂന്നെണം അടയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























