അന്വേഷണ സംഘം നൽകിയ ചോദ്യാവലിയിൽ ബിഷപ്പിന്റെ ഉത്തരങ്ങളിൽ വൈരുദ്ധ്യം; ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം! വിലങ്ങണിയാൻ ഇനി മണിക്കൂറുകൾ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും, ഉച്ചയോടെ അദ്ദേഹം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം. പഞ്ചാബ് പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്താൽ മതിയെന്നാണ് തീരുമാനം. വിശ്വാസികൾ ബഹളമുണ്ടാക്കാതിരിക്കാനാണ് ഇത്തരമൊരു മുൻകരുതൽ.
അന്വേഷണ സംഘം നൽകിയ ചോദ്യാവലിയിൽ ബിഷപ്പിന്റെ ഉത്തരങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തിയതായാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യലിൽ ഇത്തരം സംശയങ്ങൾക്ക് ബിഷപ്പ് മറുപടി പറയേണ്ടി വരും. ബലാൽസംഗം നടന്നു എന്ന തീരുമാനത്തിൽ തന്നെയാണ് അന്വേഷണ സംഘം എത്തിച്ചേർന്നത്.
അതിനിടെ ബിഷപ്പിനെ ഒരു തരത്തിലും സഹായിക്കേണ്ടതില്ലെന്ന് കേരളത്തിലെ ക്രൈസ്തവ സഭകൾ തീരുമാനിച്ചു. ആദ്യം സർക്കാരിനെതിരെ നീങ്ങാൻ മെത്രാൻമാർ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. സർക്കാർ നൽകിയ വ്യക്തമായ സൂചനയെ തുടർന്നായിരുന്നു തീരുമാനം .ഒരിക്കലും ബിഷപ്പിനെ കളളക്കേസിൽ കുരുക്കില്ലെന്നും എന്നാൽ കേസ് യാഥാർത്ഥ്യമാണെങ്കിൽ സർക്കാർ ഇടപെടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകിയ സൂചന. സർക്കാരിനു മുമ്പിൽ പല വഴികൾ ഉണ്ടായിരുന്നു. അതിലൊന്ന് പ്രതിയായ ബിഷപ്പിനെ രക്ഷപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ അത്തരമൊരു നീക്കം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
കേസ് അന്വേഷിക്കുന്ന സംഘത്തെ ആരും ഇതേ വരെ സ്വാധീനിച്ചിട്ടില്ല. അങ്ങനെ സ്വാധീനിക്കരുതെന്ന വ്യക്തമായ സന്ദേശം ആഭ്യന്തര വകുപ്പിൽ നിന്നും പോലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വാധീനമുണ്ടായാൽ മത,സമുദായ ശക്തികളെ പ്രീണിപ്പിക്കാൻ സർക്കാർ നടത്തിയ ശ്രമമായി അത് വ്യാഖ്യാനിക്കപ്പെടും, പ്രത്യേകിച്ച് ഇടതു മുന്നണി സർക്കാരിന്റെ ഓരോ നീക്കവും സശ്രദ്ധമായാണ് മാധ്യമങ്ങൾ വീക്ഷിക്കുന്നത്. സിനിമാ താരം ദിലീപിന്റെ കേസിലും ഇതേ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എത്ര തന്നെ വേണ്ടപ്പെട്ടവരായാലും നടപടി കർശനമാക്കുക എന്നതാണ് സർക്കാർ നയം.
ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ സർക്കാർ കരുതലോടെയാണ് നീങ്ങിയത്. ഫ്രാങ്കോ വെറും വൈദികനല്ല . അദ്ദേഹം ബിഷപ്പാണ്. മെത്രാൻ സഭയ്ക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. അങ്ങനെയൊരാൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ അവധാനതയോടെ ചെയ്തില്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകും. മുളയ്ക്കലിനെതിരെയുള്ള ഓരോ നീക്കം സർക്കാരും പോലീസും നിയമ വ്യത്തങ്ങുമായി കൂടിയാലോചിച്ചാണ് നടത്തുന്നത്. നീക്കങ്ങൾ പാളാതിരിക്കാനാണ് ഇത്തരമൊരു കരുതൽ.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ രണ്ട് മണിക്കൂർ മുമ്പ് തങ്ങളെ അറിയിക്കണമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിനാവശ്യമായ എല്ലാ സഹായവും നൽകാൻ പഞ്ചാബ് പോലീസ് തയ്യാറാണ്. വിശ്വാസികളുടെ പ്രതിഷേധത്തെ പഞ്ചാബ് പോലീസ് ഭയക്കുന്നുണ്ട്.
എന്നാൽ നിയമപരമായ കാര്യങ്ങളെ വിശ്വാസവുമായി കൂട്ടികുഴക്കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം. ഇടയനൊപ്പം ഒരു ദിനം എന്ന പരിപാടിയിൽ കന്യാസ്ത്രിമാരെ ബിഷപ്പ് ചൂഷണം ചെയ്തു എന്ന വസ്തുത ഞ്ഞെട്ടലോടെയാണ് വിശ്വാസികളിൽ ഒരു വിഭാഗം കേട്ടത്.പരാതിക്കാരിയായ കന്യസ്ത്രിയുടെ സഹോദരനെയും ഇന്ന് ചോദ്യം ചെയ്യും. അതിനിടെ ബിഷപ്പിന്റെ അറസ്റ്റുണ്ടായാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പഞ്ചാബ് പോലീസ് ജലന്തറിലെ ക്രൈസ്തവ നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























