നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ ആദ്യശമ്പളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി...

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് ആദ്യ മാസത്തെ ശമ്പളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
വടകര റസ്റ്റ് ഹൗസില്‍ എത്തി തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് സജീഷ് തന്റെ ആദ്യ മാസത്തെ ശമ്പളത്തിന്റെ ചെക്ക് കൈമാറി. കൂത്താളി പിഎച്ച്എസിയിലെ ക്ലർക്കായി ജൂലൈയിലാണ് സജീഷ് ജോലിയില്‍ പ്രവേശിച്ചത്.
നിപാ പനി ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. പനി ബാധിച്ചെത്തിയ ആദ്യ യുവാവിനെ ചികിത്സിച്ചിരുന്നത് ലിനിയാണ്. ഇതിനിടെ ലിനിക്കും പനി ബാധിച്ചു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സജീഷിന് ലിനി മരണക്കിടക്കിയിലെഴുതിയ കത്തും കണ്ണീരോര്‍മ്മയായി.
ജോലി ഉപേക്ഷിച്ചു പോന്ന സജീഷിനും രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്കും താങ്ങായി സര്‍ക്കാര്‍ ജോലി നല്‍കുകയായിരുന്നു. ഇതിന്റെ ആദ്യ ശമ്പളമാണ് സജീഷ് കൈമാറിയത്. പേരാമ്പ്രയില്‍ തന്നെ ചികിത്സ തേടിയ ലിനി മരണപ്പെടുകയായിരുന്നു. ശരീരം ബന്ധുക്കളെ കാണാന്‍ അനുവദിക്കാതെ അധികൃതര്‍ തന്നെ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha


























