മറ്റ് ക്യാമ്പുകളിലെത്തിക്കാന്‍ മാര്‍ഗമില്ലാതെ, നഗരത്തിലെ ക്യാമ്പുകളില്‍ ഭക്ഷണം കുമിഞ്ഞ് കൂടുന്നു

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തയ്യാറാക്കിയ ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ മാര്‍ഗം ഇല്ലാതെ രക്ഷാപ്രവര്‍ത്തകര്‍ വലയുന്നു. എറണാകുളത്തിന് പുറത്തുള്ള പല ക്യാമ്പുകളിലും ഇന്നലെ മുതല്‍ ആവശ്യത്തിന് ആഹാരം ഇല്ലാതെ ആളുകള്‍ വലയുമ്പോള്‍ നഗരത്തിനുള്ളിലും അടുത്തുമുള്ള ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. സുമനസ്സുകളായ വ്യക്തികളും സ്ഥാപനങ്ങളും ആയിരകണക്കിന് പേര്‍ക്കുള്ള ഭക്ഷണമാണ് ഓരോ ദിവസവും നഗരത്തിലെ പ്രധാന ക്യാമ്പുകളില്‍ എത്തിക്കുന്നത്. എന്നാല്‍ ഭക്ഷണം ഇല്ലാതെ വിഷമിക്കുന്ന ആലുവ, പറവൂര്‍, അങ്കമാലി പോലുള്ള പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് ഇത് എത്തിക്കുവാന്‍ ഒരു സംവിധാനവും ഇപ്പോള്‍ ഇല്ല.
ഏതെല്ലാം ക്യാമ്പുകളില്‍ ആണ് ഭക്ഷണം ആവശ്യമുള്ളതെന്നോ എവിടെയെല്ലാമാണ് അധികമായുള്ളതെന്നോ ഉള്ള വിവരങ്ങള്‍ കൃത്യമായി ആരുടെ പക്കലും ഇല്ലാത്തതാണ് ഇതിന് കാരണം. പല ക്യാമ്പുകളും വെള്ളക്കെട്ടില്‍ വഴി അടഞ്ഞ് ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. ഇവിടങ്ങളിലേക്ക് ഭക്ഷണം എത്തിക്കാന്‍ മാര്‍ഗവും ലഭ്യമല്ല. ഭക്ഷണം തയ്യാറാക്കി നല്‍കുന്നവരെയും ആവശ്യമുള്ളവരെയും പരസ്പരം ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ ആകൂ. എന്നാല്‍ കുടുങ്ങി പോയവരെ പുറത്തെത്തിക്കുന്നതിന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവാത്ത അവസ്ഥ നിലവില്‍ ഉണ്ട്.
ഇതേസമയം സംഭരിക്കാന്‍ കഴിയാത്തത്ര ഭക്ഷണ സാധനങ്ങള്‍ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ എത്തുന്നുണ്ട്. ഈ സാധനങ്ങള്‍ ആവശ്യമുള്ള മറ്റ് ക്യാമ്പുകാര്‍ വാഹനവുമായി എത്തിയാല്‍ കൊണ്ട് പോകാന്‍ സാധിക്കുമെന്ന് ക്യാമ്പ് അധികൃതര്‍ അറിയിച്ചു. എറണാകുളം ടൗണിലുള്ള ക്യാമ്പുകളിലുള്ളവരോ സന്നദ്ധപ്രവര്‍ത്തകരോ താഴെയുള്ള നമ്പറില്‍ ബന്ധപ്പെട്ടാല്‍ വണ്ടികള്‍ ലഭ്യമാകുന്നതിനനുസരിച്ച് ഭക്ഷണം എത്തിച്ച് തരുമെന്നും ക്യാമ്പ് അധികൃതര്‍ പറഞ്ഞു. CALL- 9645221111, 9061110000
കൊച്ചി നഗരപ്രാന്ത പ്രദേശങ്ങളില്‍ ഏറ്റവും അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കാക്കനാട് തൃക്കാക്കര ഭാഗത്താണ്. ആലുവ, കളമശ്ശേരി തുടങ്ങി വെള്ളം കയറിയ ഭാഗങ്ങളില്‍ നിന്നെല്ലാമായി ഏതാണ്ട് ആറായിരത്തില്‍ അധികം ആളുകളാണ് ഈ ക്യാമ്പുകളില്‍ ഉള്ളത്. ഈ പ്രദേശത്തുള്ള പ്രധാന ക്യാമ്പുകളില്‍ ഇന്ന് മുതല്‍ നാവികസേന ഭക്ഷണം നല്‍കും. നേവി ദക്ഷിണ മേഖലാ കമാന്‍ഡ് പ്രത്യേക പദ്ധതിയായാണ് ഭക്ഷണം എത്തിക്കുന്നത്. കൂടുതല്‍ ആളുകളുള്ള കുസാറ്റ് ക്യാമ്പില്‍ നിന്നാണ് മറ്റ് ക്യാമ്പുകളിലേക്ക് വേണ്ട
ഭക്ഷണം ശനിയാഴ്ച്ച മുതല്‍ ഇന്ത്യന്‍ നേവി വിതരണം ചെയ്യുന്നത്.
പാചകസാമഗ്രികളും പാചകം ചെയ്യാനുള്ള പാത്രങ്ങളും മുതല്‍ പാചകം വരെയുള്ള എല്ലാക്കാര്യങ്ങളും നേവി ആയിരിക്കും ചെയ്യുക. എന്നാല്‍ ഇവിടങ്ങളില്‍ പല ക്യാമ്പുകളിലും ധാരാളം ആഹാര സാധനങ്ങള്‍ എത്തുന്നതിനാല്‍ അധികമായുള്ളത് മറ്റു ക്യാമ്പുകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ഇപ്പോള്‍. ഭക്ഷണം ആവശ്യമുള്ള കാമ്പ്യുകള്‍ നേവിയുമായോ കാക്കനാട് തൃക്കാക്കര ഭാഗത്തെ ക്യാമ്പുകളുമായോ ബന്ധപ്പെടേണ്ടതാണ്.
https://www.facebook.com/Malayalivartha
























