കേരളത്തെ വിഴുങ്ങിയ പ്രളയം ചാലക്കുടിയിലേക്ക് കൊണ്ടുവന്നത് ഭീമന്‍ ചീങ്കണ്ണിയെ; പണിപ്പെട്ട് കാടുകേറ്റി നാട്ടുകാര്‍!! ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ ഏഴോളം പേര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി വനപാലകരെ ഏല്‍പ്പിച്ചു...

പ്രളയം പിടിച്ചുലച്ച കേരളം കര കയറിക്കൊണ്ടിരിക്കുകയാണ്. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേയ്ക്ക് എത്തുമ്പോൾ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. പ്രളയത്തില്‍ ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തിയ ഇഴജന്തുക്കളുടെ ശല്യം ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയവരെ വലയ്ക്കുന്നത് കുറച്ചൊന്നുമല്ല.
പാമ്പുകളെയും പഴുതാരകളെയുമൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഓരോരുത്തരും വീടുകളിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ചാലക്കുടിക്കാര്‍ക്കിടയിലേക്ക് പ്രളയം കൊണ്ടുവന്നത് ഭീമൻ ചീങ്കണ്ണിയെയായിരുന്നു. ചാലക്കുടി പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളി പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. ഇര വിഴുങ്ങി വിശ്രമിക്കുകയായിരുന്ന മുതലയെ നാട്ടുകാര്‍തന്നെ കുരുക്കിട്ട് പിടികൂടി.
ഉടനെ, പൊലീസിനേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചു. ഉദ്യോഗസ്ഥര്‍ വരുന്നതു വരെ കാത്തുനിന്നിരുന്നെങ്കില്‍ മുതല മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു. അതുകൊണ്ടാണു സമയോചിതമായി ഇടപെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. ചാലക്കുടി പുഴയില്‍ അതിരപ്പിള്ളിക്കു സമീപം നേരത്തേയും മുതലയെ കണ്ടിരുന്നു. പാറപ്പുറത്തു വിശ്രമിക്കുകയായിരുന്ന മുതലയെ കുടുക്കാന്‍ അന്ന് കഴിഞ്ഞില്ല. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയപ്പോള്‍ മുതല പുഴയില്‍തന്നെയായിരുന്നു. കൂടുതല്‍ അപകടം വരുത്തും മുന്‍പ് മുതലയെ പിടികൂടാന്‍ കഴിഞ്ഞതു നന്നായെന്ന് ഉദ്യോഗസ്ഥരും പറയുന്നു.
https://www.facebook.com/Malayalivartha


























