യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഭക്ഷണ വൈവിധ്യമൊരുക്കി യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാർ യമ്മി എയ്ഡ് 2025 ആവേശത്തോടെ ആഘോഷിച്ചു. യമ്മി എയ്ഡ് എന്ന പാചക ഉത്സവവും മത്സരവും അടങ്ങുന്ന വാർഷിക പരിപാടിയുടെ പന്ത്രണ്ടാം പതിപ്പാണ് സംഘടിപ്പിച്ചത്. യു എസ് ടി യിലെ വനിതാ ജീവനക്കാരുടെ വികസനത്തിനും എക്സിക്യൂട്ടീവ് മെന്ററിങ്ങിനും സൗകര്യമൊരുക്കുന്ന സന്നദ്ധ സംഘടനയായ നൗ യു (നെറ്റ്‌വർക്ക് ഓഫ് വിമൻ യുഎസ് അസോസിയേറ്റ്‌സ്) ആണ് ഈ വാർഷിക പാചക ഉത്സവ-ഫണ്ട് റൈസിംഗ് പരിപാടി സംഘടിപ്പിച്ചത്.
യു എസ് ടി തിരുവനന്തപുരം ക്യാമ്പസിലെ ജീവനക്കാരുടെ വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കാമ്പസിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കും വച്ചത് 18 ടീമുകളാണ്. 6000-ലധികം യുഎസ് ടി ജീവനക്കാർ സ്റ്റാളുകൾ സന്ദർശിച്ചു. ഇത്തവണത്തെ യമ്മി എയ്‌ഡിൽ ഭക്ഷണ വിൽപ്പനയിലൂടെ 321,464 രൂപ സമാഹരിച്ചു. സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ഈ ഫണ്ടുകൾ വിനിയോഗിക്കും. ഈ സംരംഭത്തിൽ നൗ യു, യു എസ് ടിയിലെ തന്നെ മറ്റൊരു കൂട്ടായ്മയായ കളർ റോസ് ടീമുമായും സി എസ് ആർ വിഭാഗവുമായും സഹകരിച്ചു പ്രവർത്തിക്കും. ഇതിനു പുറമേ, യു എസ് ടിയിലെ സപ്പോർട്ട് സ്റ്റാഫിൽ ഉൾപ്പെടുന്ന, ചെറിയ കുട്ടികളുള്ള സിംഗിൾ അമ്മമാരുടെ ശാക്തീകരണത്തിനും പിന്തുണയ്ക്കും വേണ്ടി നൗ യു, വർക്ക്പ്ലേസ് മാനേജ്മെന്റ് ടീമുമായും സഹകരിക്കുന്നുണ്ട്. ജി എ മേനോൻ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 2020 മുതൽ യു എസ് ടി യിലെ സപ്പോർട്ട് സ്റ്റാഫിന്റെ മികവു കാട്ടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനു ആവശ്യമായ പിന്തുണ നൽകി വരുന്നുണ്ട്.
ഹയാത്ത് റീജൻസി എക്സിക്യൂട്ടീവ് ഷെഫ് സെന്തിൽ കുമാർ; നടൻ, 92.7 ബിഗ് എഫ് എം പ്രോഗ്രാംസ് ഹെഡ്, സനാഥാലയം കാൻസർ കെയർ സെന്റർ സ്ഥാപകൻ, ബോധി ഹീലിംഗ് എംഡി എന്നീ നിലകളിൽ പ്രശസ്തനായ ഫിറോസ് എ അസീസ്; ന്യൂട്രീഷനിസ്റ്റ് ലക്ഷ്മി മനീഷ്; എന്നിവരടങ്ങുന്ന പാനലാണ് യമ്മി എയ്ഡ് 2025 ന്റെ വിധികർത്താക്കളായി എത്തിയത്.
മികച്ച സ്റ്റാളിനുള്ള സമ്മാനം മദ്രാസും മലബാറും നേടി. മിമി ഓൺ വീൽസിന് പ്രത്യേക പരാമർശം ലഭിച്ചു. മിമി ഓൺ വീൽസിന്റെ മില്ലറ്റ് കേക്ക് മികച്ച സ്വീറ്റ് സിഗ്നേച്ചർ ഡിഷായി തിരഞ്ഞെടുക്കപ്പെട്ടു. മിമി ഓൺ വീൽസിന്റെ തന്നെ മില്ലറ്റ് പാപ്ഡി ഛാട്ടിനാണ് ബെസ്റ്റ് ഹെൽത്തി സിഗ്നേച്ചർ വിഭവത്തിനുള്ള സമ്മാനം. ബ്ലോക്ക്ബസ്റ്റർ ടീമിനുള്ള സമ്മാനം ഹൗസ് ഓഫ് ടേസ്റ്റിന് ലഭിച്ചു. ‘ഞെട്ടിക്കൽ കലവറ’, ‘മെനുഫാക്ചറിംഗ്’ എന്നെ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഈ വർഷത്തെ യമ്മി എയ്ഡിന്റെ തീം “ഉത്തമ ലക്ഷ്യത്തിനായി ഒരുമിച്ച് പാചകം ചെയ്യുക” എന്നതിനെക്കൂടാതെ, “ആരോഗ്യകരമായ ജീവിതശൈലി കാക്കുക, ഫിറ്റ്നസ് യാത്ര തുടരുക” എന്നതുമായിരുന്നു. ഇതിന്റെ മുന്നോടിയായി, 2025 നവംബറിൽ ഒരു പ്രീ-ഇവന്റ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ‘ഫിറ്റ്നസ് ചലഞ്ച്’ എന്ന പേരിൽ യുഎസ് ടി യിലെ എല്ലാ ഫിറ്റ്നസ് പ്രേമികൾക്കും വേണ്ടിയുള്ളതായിരുന്നു പരിപാടി. പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച 5 ടീമുകൾ “ഫിറ്റ്നസ് ചാമ്പ്യൻസ് 2025” എന്ന പുരസ്‌കാരത്തിനായി മത്സരിച്ചു. 'കൺട്രോൾ പ്ലസ് ഫിറ്റ്' ടീം ഫിറ്റ്നസ് 2025 ലെ ചാമ്പ്യന്മാർക്കുള്ള കിരീടം നേടിയപ്പോൾ, 'ഫിറ്റ് കോം' ടീം റണ്ണർ അപ്പ് ആയി. ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി പുഷ് അപ്പ്, പുൾ അപ്പ്, ഗോബ്ലറ്റ് സ്ക്വാറ്റ്, ബർപ്പി, സ്കിപ്പിംഗ്, വെയ്റ്റ് ഹോൾഡിംഗ്, പ്ലാങ്ക് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
"രുചികരമായ വിഭവങ്ങളുടെയും, കടുത്ത മത്സരത്തിന്റെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സംഗമമായി മാറുകയായിരുന്നു യമ്മി എയ്ഡ് 2025. പങ്കെടുത്തവരുടെ ആവേശവും, വിൽപ്പനയ്ക്കായി ഒരുക്കിയ വിഭവങ്ങളും ഏറെ മികവ് കാട്ടി. പന്ത്രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്ന യമ്മി എയ്ഡ്, ആദ്യ വർഷത്തെപ്പോലെ തന്നെ ആവേശത്തോടെ തുടരുന്നു എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," യുഎസ് ടി നൗ യു വിന്റെ കോർ ടീം അംഗങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha


























