വനിതാ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.... നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും മുൻ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം

വനിതാ പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തോടെയാണ് നാലാം എഡിഷൻ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും മുൻ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം.
നവി മുംബൈയിൽ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനൽ. വൈകുന്നേരം 3.30നും 7.30നുമാണ് മത്സരങ്ങളുള്ളത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഡബിൾ റൗണ്ട് റോബിൻ പോരാട്ടമാണ് ഇത്തവണയും. 5 ടീമുകളും രണ്ട് തവണ നേർക്കുനേർ വരും. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുക. ടേബിൾ ടോപ്പർ നേരിട്ട് ഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തുള്ളവർ തമ്മിൽ വീണ്ടും മത്സരിക്കും. ഇതിൽ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.
മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗറും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും ഡൽഹി ക്യാപിറ്റൽസിനെ ജെമിമ റോഡ്രിഗ്‌സുമാണ് നയിക്കുന്നത്. യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ മെഗ് ലാന്നിങാണ്. ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാർഡ്‌നറാണ് നയിക്കുന്നത്.
https://www.facebook.com/Malayalivartha


























