ഒരു നിമിഷം പോലും അമ്മയെയും ചേച്ചിയെയും പിരിഞ്ഞിരിക്കാത്ത സായൂജിന് 19 ദിവസത്തിന് ശേഷം വീട്ടുകാരുടെ കുഴിമാടത്തിനരികെ ആറടിമണ്ണൊരുക്കി ബന്ധുക്കൾ....

വയനാട് വെണ്ണിയോട് വലിയ പുഴയില്‍ ചാടിയ നാലംഗ കുടുംബത്തിലെ അവസാനത്തെ ആളായ സായൂജിനെ ഇന്നലെ പുഴ വഴി 20 കിലോമീറ്ററോളം അകലെ വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തില്‍ നിന്ന് കണ്ടെത്തി. പ്രളയത്തിനിടയില്‍ സായൂജിനെ കിട്ടുമെന്ന പ്രതീക്ഷ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അസ്തമിച്ച സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മീന്‍ പിടിക്കാന്‍ പോയവര്‍ പുഴയിലെ വെള്ളത്തിന് മുകളില്‍ പൊന്തി കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്തെത്തിയ ബന്ധുക്കള്‍ സായൂജിന് ഏറെ ഇഷ്ടമുണ്ടായിരുന്ന ചുമന്ന ടീ ഷര്‍ട്ടും ബെല്‍റ്റ് കെട്ടിയ പാന്റും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പിന്നീട് കമ്ബളക്കാട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിലെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്ന് സായൂജിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു
വെണ്ണിയോട് മദര്‍ തെരേസ ദേവാലയത്തിന് സമീപം ഗ്രാമപഞ്ചായത്ത് വൈദ്യുത ശ്മശാനത്തിന് മുന്നിലെ പുഴക്കരയിലാണ് നാലംഗ കുടുംബം ജീവനൊടുക്കിയത്. ആനപ്പാറയിലെ വാടകവീട്ടില്‍ നിന്ന് കല്‍പ്പറ്റയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണിവരെന്ന് കുടുംബക്കാര്‍ പറഞ്ഞിരുന്നു. സംഭവ ദിവസം രാവിലെ പ്രദേശവാസികളിലൊരാള്‍ പുഴക്കരയില്‍ നിന്ന് നാല് ജോഡി ചെരുപ്പുകളും ഒരു ലേഡീസ് ബാഗും രണ്ട് കുടകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതിയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാരായണന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ ശ്രീജാ മകളായ സൂര്യ എന്നിവരെ കഴിഞ്ഞ അഞ്ച്, ആറ് ,ഏഴ് തീയതികളില്‍ കണ്ടെത്തിയെങ്കിലും മകനായ സായൂജിനെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇപ്പോള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























