അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കന്മാര്‍ക്ക് ഒരു ദിനം, ഇന്ന് അധ്യാപകദിനം

പണ്ഡിതനും, ചിന്തകനുമായിരുന്ന മഹാനായ ഒരു അധ്യാപകന്റെ ജന്മദിനമാണ് അധ്യാപകദിനമായി ഇന്ത്യയില്‍ ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5. അദ്ദേഹം അധ്യാപനത്തോട് പുലര്‍ത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാര്‍ത്ഥി സമൂഹത്തില്‍ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്. അദ്ധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മ്മമായാണ് അദ്ദേഹം പരിഗണിച്ചത്. ശിഷ്യരുടെ സ്‌നേഹാദരങ്ങള്‍ വലിയതോതില്‍ നേടിയെടുത്ത അദ്ധ്യാപകശ്രേഷ്ഠനായിരുന്നു ഡോ.എസ്. രാധാകൃഷ്ണന്‍. ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ ജന്മദിനം എല്ലാവര്‍ഷവും നന്നായി ആഘോഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഡോ. എസ്.രാധാകൃഷ്ണന്‍ തന്നെ മുന്നോട്ടുവച്ച ആശയമാണ് തന്റെ ജന്മദിനം തന്റേതുമാത്രം ആക്കി മാറ്റാതെ രാജ്യത്തെ മുഴുവന്‍ അദ്ധ്യാപകരെയും ആദരിക്കുന്ന അദ്ധ്യാപകദിനമായി ആചരിക്കണം എന്നത്. കുട്ടികളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കാന്‍ അദ്ധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്റെ ശില്പികളാണിവര്‍.
അധ്യാപക പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അധ്യാപകദിനത്തിലാണ്.
ഒരു വലിയ പ്രകൃതി ദുരന്തത്തെ മറികടന്നയുടനാണ് ഇത്തവണ അദ്ധ്യാപകദിനം ആചരിക്കുന്നത്. മലയാളികളില്‍ ഒളിഞ്ഞിരിക്കുന്ന കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും തലങ്ങളും അനുതാപത്തിന്റെ തരംഗവും എല്ലാം ഈ പ്രളയകാലത്ത് നാം അനുഭവിച്ചറിഞ്ഞതാണ്. ലോകത്തെവിടെയുമുള്ള മലയാളിക്ക് ഞാന്‍ മലയാളിയാണ് എന്ന അഭിമാനം ഉണ്ടായി. ഇത്തരം നന്മകളും മാനവികതയും ഉളവാകാന്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ വിദ്യാലയങ്ങള്‍, വിദ്യാഭ്യാസ സംവിധാനം, പാഠ്യപദ്ധതി എന്നിവയൊക്കെ പങ്ക് വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























