വനിതാ നീതി പ്രസംഗത്തില്‍ മാത്രം; ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ ഒരു കാരണവശാലും അംഗീകരിക്കരുതെന്ന് സി പി എം തീരുമാനം: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത; അച്ചുതാനന്ദന്റെ വാക്കിന് പാര്‍ട്ടി വില നല്‍കില്ല

ഷൊര്‍ണൂര്‍ എം എല്‍ എ, പി കെ ശശിയെ സര്‍വാത്മനാ സി പി എം സഹായിക്കും. ശശിക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ വി എസിന്റ നിലപാട് പാര്‍ട്ടി തളളും. സ്ത്രീകള്‍ക്കെതിരായ വിഷയമായതിനാല്‍ ശശിക്കെതിരെ നടപടി വരുമെന്ന് തന്നെയാണ് അച്ചുതാനന്ദന്‍ പറഞ്ഞത്. എന്നാല്‍ അച്ചുതാനന്ദന് പാര്‍ട്ടിയില്‍ ഒരു വിലയും ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് അറിയുന്നവര്‍ക്കറിയാം. പക്ഷേ പാലക്കാട് ജില്ലയില്‍ നിന്നുള്ള നിയമസഭാഗമാണ് വി എസ്.അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് ധാര്‍മ്മികാധികാരം ഉണ്ട്.
ശശിക്കെതിരെ നടപടി വേണമെന്നാണ് യച്ചൂരിയുള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യം. ശശിയെ സഹായിക്കാന്‍ സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ശശിക്കെതിരെ പരാതി കിട്ടിയില്ലെന്ന് പറയുമ്പോഴും അത് സഹായിക്കാനുള്ള തന്ത്രം തന്നെയായിരുന്നു. ശശിക്കെതിരായി പരാതി വന്നാല്‍ തന്നെ അത് അന്വേഷിക്കാന്‍ ഒരിക്കലും വനിതാ കമ്മീഷന്‍ തയ്യാറാവുകയില്ല. കാരണം സി പി എമ്മാണ് അവരെ കമ്മീഷന്‍ അധ്യക്ഷയാക്കിയത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെത്തും മുമ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ ഒരു കാരണവശാലും അംഗീകരിക്കരുതെന്നാണ് സി പി എം തീരുമാനം. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തന്നെയാണ് സാധ്യത. പാര്‍ട്ടി തന്നെ പുറത്താക്കുമെന്ന് അവര്‍ക്കറിയാം. എന്നാല്‍ അവരെ പാര്‍ട്ടിക്കുള്ളില്‍ നിര്‍ത്തി പരാതി പിന്‍വലിപ്പിക്കുന്നതിനെ കുറിച്ചാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം സജീവമായി ആലോചിക്കുന്നത്. ഒരിക്കല്‍ ഇത് പാളിയതാണ്. ഒരിക്കല്‍ തോറ്റെങ്കിലും അതില്‍ നിന്നും പിന്‍മാറാന്‍ പാര്‍ട്ടി തയ്യാറല്ല.
ആദ്യം ജില്ലാ നേതാക്കളെയാണ് പീഡന വിവരം വനിതാ നേതാവ് അറിയിച്ചത്. എന്നാല്‍ എം എല്‍ എ യില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് പാര്‍ട്ടി പറഞ്ഞത്. അങ്ങനെ പറഞ്ഞതില്‍ ജില്ലാ നേതാക്കളെ സംസ്ഥാന നേതാക്കള്‍ ശാസിച്ചിട്ടുണ്ട്. മുളയിലെ നുള്ളിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നു ഇത്. ജില്ലാ നേതൃത്വം ശശിയെ സഹായിക്കുന്ന നിലപാട് തന്നെയാണ് അന്നുമിന്നും സ്വീകരിക്കുന്നത്.
അതേ സമയം കേസ് പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കും. തൃശൂര്‍ റേഞ്ച് ഐ ജിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കും. കേസന്വേഷണത്തില്‍ യുവതിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനാണ് നീക്കം. എ കെ ബാലന് ശേഷം പാര്‍ട്ടി പാലക്കാട് ജില്ലയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നേതാവാണ് പി കെ ശശി. അങ്ങനെയുള്ള ഒരാളുടെ ജീവിതം ഒരു പെണ്‍കുട്ടി ഇല്ലാതാക്കരുതെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
അതേ സമയം കേരളത്തിലെത്തുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ പെണ്‍കുട്ടി കാണാതിരിക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. പരാതി പറഞ്ഞാല്‍ അത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കും.
https://www.facebook.com/Malayalivartha
























