മൂന്ന് പതിറ്റാണ്ടിനിടെ 21 ശസ്ത്രക്രിയകൾ... 44-കാരന് പുതുജീവൻ നൽകി കൊച്ചി അമൃത ആശുപത്രി

കൂലിപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന, അഞ്ച് മക്കളുടെ അച്ഛനായ ഒരു കുടുംബനാഥന് 12-ാം വയസ്സിൽ തുടങ്ങിയ ദുരിതം അവസാനിച്ചത് 44-ാം വയസ്സിൽ കൊച്ചി അമൃത ആശുപത്രിയിൽ വച്ചാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 21 തവണ മൂക്കിൽ നടത്തിയ ശസ്ത്രക്രിയകൾ, ഹൃദയത്തെ ബാധിച്ച രോഗം, ഒടുവിൽ മരണം മുന്നിൽ കണ്ട അവസ്ഥ... ഈ അതിജീവനകഥ കേവലം ഒരു ചികിത്സയുടെ വിജയമല്ല, വർഷങ്ങളായി ഒരു കുടുംബത്തെ വേട്ടയാടിയ ദുരന്തത്തെ ശാസ്ത്രം തോൽപ്പിച്ചതിൻ്റെ കഥയാണ്.
എറണാകുളം പട്ടിമറ്റം സ്വദേശിയും കൂലിപ്പണിക്കാരനുമായ 44-കാരൻ്റെ നാഗർകോവിലിലെ ബാല്യകാല ജീവിതത്തിൽ, പശുക്കളും പോത്തുകളും കുളിക്കുന്ന തുറന്ന കുളത്തിൽ തന്നെ കുളിച്ചതായിരുന്നു പിന്നീട് ജീവിതം മുഴുവൻ പിന്തുടർന്ന ദുരിതത്തിന്റെ തുടക്കം. 12-ാം വയസ്സിൽ മൂക്കിൽ ഉണ്ടായ ദശ വളർച്ചയാണ് തുടക്കം. പശുക്കളെയും എരുമകളെയും കുളിപ്പിച്ചിരുന്ന അതേ കുളത്തിൽ കുളിച്ചതിലൂടെയാണ് 'റൈനോസ്പോരിഡിയോസിസ്' (Rhinosporidiosis) എന്ന അപൂർവമായ രോഗം അദ്ദേഹത്തിന് പിടിപെട്ടതെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റെർവെൻഷനൽ പൾമോണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് പറഞ്ഞു. ദക്ഷിണേന്ത്യയിലും ശ്രീ ലങ്കയിലുമാണ് കൂടുതലായി ഈ രോഗം കാണപ്പെടുന്നതെന്നും, മൃഗങ്ങളുമായി സമ്പർക്കമുള്ള തുറന്ന ജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്നതു വഴി ഈ ഫങ്കൽ രോഗം വരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും ഡോ. ടിങ്കു ജോസഫ് കൂട്ടി ചേർത്തു.
തുടർച്ചയായ മൂക്കിലെ ദശ വളർച്ച നീക്കം ചെയ്യാൻ 12 വയസ്സിനും 44 വയസ്സിനും ഇടയിൽ കേരളത്തിലെയും തമിഴ് നാട്ടിലെയും പല ആശുപത്രികളിലായി 21 തവണയാണ് അദ്ദേഹത്തിന് ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നത്. ഓരോ തവണ ദശ നീക്കം ചെയ്യുമ്പോഴും അത് വീണ്ടും വളർന്നു വന്ന് രോഗിയുടെയും കുടുംബത്തിന്റെയും ജീവിതം ഇരുട്ടിലാക്കി. 2022-ൽ, സ്ഥിതി അതീവ ഗുരുതരമായി. ദശയുടെ വളർച്ച ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ചില ഡോക്ടർമാർ കണ്ടെത്തിയതോടെ അദ്ദേഹത്തിൻ്റെ കുടുംബം തകർന്നു.
ഈ ഭയാനകമായ അവസ്ഥകൾക്കിടയിലാണ് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിങ് കുറഞ്ഞത് മൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. എന്നാൽ ആ ശസ്ത്രക്രിയയ്ക്ക് ശേഷം ചുമയും ശ്വാസംമുട്ടലും വർധിച്ചു. അതോടെയാണ് അദ്ദേഹം അമൃത ആശുപത്രിയിലെത്തിയത്. ഇവിടെ ഇന്റെർവെൻഷനൽ പൾമോണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് നടത്തിയ വിശദമായ പരിശോധനയിലാണ് രോഗാവസ്ഥ കൃത്യമായി തിരിച്ചറിഞ്ഞത്.
"ശ്വാസകോശം മുഴുവൻ ചെറിയ സ്ട്രോബെറി പോലെ വളർച്ചകൾ നിറഞ്ഞിരുന്നു. ഇത് വളരെ അപൂർവമായ 'റൈനോസ്പോരിഡിയോസിസ്' ആണ്. മൃഗങ്ങളുമായി സമ്പർക്കമുള്ള വെള്ളത്തിലൂടെ പകരുന്ന ഈ ഫംഗൽ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ല. ചികിത്സയിൽ കാലതാമസം വന്നാൽ, ശ്വാസം മുട്ടി മരണം വരെ സംഭവിക്കാം." ഡോ. ടിങ്കു ജോസഫ് പറഞ്ഞു.
ഈ അവസ്ഥയിൽ, അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർ ആധുനിക എൻഡോസ്കോപ്പി സാങ്കേതികവിദ്യയുടെ സഹായം തേടി. ശ്വാസകോശത്തിലും ശ്വാസനാളങ്ങളിലുമുള്ള മുഴുവൻ വളർച്ചകളും പ്രത്യേക എൻഡോസ്കോപ്പി ഉപകരണങ്ങൾ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു. ഈ സങ്കീർണ്ണമായ പ്രക്രിയയിലൂടെ, രോഗിയുടെ ശ്വാസംമുട്ടലിനും ചുമക്കും ശാശ്വതമായ ആശ്വാസം നൽകാനായി. ചികിത്സയിൽ കൊച്ചി അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശ്രീരാജ് നായർ, അനസ്തേഷ്യ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഡോൺ ജോസ് എന്നിവരും പങ്കാളികളായി
വർഷങ്ങളായി ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന ആ മനുഷ്യൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഭാര്യയും മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബത്തിന്, അമൃത ആശുപത്രിയിലെ ചികിത്സ പുതിയൊരു ജീവിത പ്രതീക്ഷയാണ് സമ്മാനിച്ചത്.
"https://www.facebook.com/Malayalivartha


























