നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയർക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം... കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

കേരളസമൂഹത്തേയും സംസ്കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിന് അകത്തുള്ളവർക്ക് എന്നപോലെ പുറത്തുള്ളവർക്കും വലിയ പങ്കുണ്ടെന്നും കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരളസഭയുടെ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളർത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അവയുടെ എല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭയുടെ സ്ഥാനം. കാരണം അത് പ്രവാസി കേരളീയർക്ക് ഭാവി കേരളത്തേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാനുള്ള ജനാധിപത്യ വേദിയാണ്. നല്ല പൊതു അംഗീകാരം ഇപ്പോൾ വന്നു കഴിഞ്ഞു.
അതേസമയം ലോക കേരള സഭയുടെ ആദ്യ സമ്മേളനം നടന്നപ്പോൾ അതിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നുവന്നിരുന്നു. എതിർപ്പും പരിഹാസവുമൊക്കെയുണ്ടായി. സഭയിൽ പങ്കെടുക്കാനെത്തിയ ബഹുമാന്യരായ അംഗങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന നിലവരെയുണ്ടായി. ലോക കേരള സഭയോടുള്ള എതിർപ്പിന്റെ കാര്യത്തിലും ഇപ്പോൾ നല്ല അയവ് വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ തന്നെ മറ്റ് സംസ്ഥാനങ്ങളോട് ലോക കേരള സഭ അനുകരണീയമായ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സമ്മേളനത്തിൽ പ്രതിനിധികൾ മുമ്പോട്ടുവച്ച നിർദേശങ്ങളിൽ നടപ്പാക്കാൻ സാധ്യമായ 28 എണ്ണം ലോക കേരള സഭാ സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുത്തു. അതിൽ 10 എണ്ണം നടപ്പാക്കി. 13 എണ്ണം നടപ്പാക്കിവരുന്നു. 5 എണ്ണം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടവയാണ്. അതു ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി.
"
https://www.facebook.com/Malayalivartha
























