കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ അടുത്തയാഴ്ച ഇ.ഡി. ചോദ്യം ചെയ്യും.
പ്രതികൾ ഓരോരുത്തരായി ജാമ്യം നേടി പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് ഇ.ഡിയുടെ ചടുലമായ നീക്കം. ഹൈലക്കാടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയുടെ ഫലമായാണ് ഓരോരുത്തരായി ജയിൽമോചിതരാകുന്നത്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഉണ്ണികൃഷ്ണൻ പോറ്റിയും വൈകാതെ പുറത്തിറങ്ങുമെന്ന് ഇ.ഡി. കരുതുന്നു. അതോടെ ശബരിമലകൊള്ള കേസ് പൂർണമായി നാമാവശേഷമാകും.
ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യൽ നടപടികളിലേക്ക് നീങ്ങാൻ തീരുമാനമെടുത്തത് ഇന്നലെയാണ്. അടുത്തയാഴ്ച മുതൽ ഇഡി കൊച്ചി ഓഫീസിൽ പ്രതികളായവരുടെയും പ്രതികളാകാൻ സാധ്യതയുള്ളവരുടെയും ചോദ്യം ചെയ്യലുകൾ തുടങ്ങും. കേസുമായി ബന്ധപ്പെട്ടവർക്ക് നോട്ടീസുകൾ അയച്ചു തുടങ്ങി. ജയിൽ മോചിതനായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനുൾപ്പെടെ നോട്ടീസ് നൽകിയിട്ടുണ്ട്. .
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജനുവരി 20-ന് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. തിരുവിതാംകൂർ ദേവസ്വം ആസ്ഥാനത്തു നിന്ന് നിർണായക രേഖകളും 20 മണിക്കൂർ നീണ്ടുനിന്ന പരിശോധനയ്ക്കിടെ ഇഡി സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച ശേഷമാണ് ഫെബ്രുവരി ആദ്യവാരം ഹാജരാകണമെന്നാവശ്യപ്പെട്ട് ചിലർക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെയും വിശദീകരണം നൽകാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ജയിലിലാണെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ട ഉന്നതാധികൃതരിൽ നിന്ന് മൊഴിയെടുക്കും. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെയും ഇഡി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
ഇഡി റെയ്ഡിന് പിന്നാലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചിരുന്നു. റെയ്ഡിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് നൂറ് ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടിയും പിടിച്ചെടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളിക്കേസിൽ ജയിൽവാസം അനുഭവിക്കാൻ തുടങ്ങിയിട്ട് 90 ദിവസം ഫെബ്രുവരി ആദ്യവാരം പൂർത്തിയാകും. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ കോടതിയെ സമീപിക്കാതെ പോറ്റിക്ക് നേരിട്ട് സമൻസ് നൽകാനാണ് ഇഡി ആലോചിക്കുന്നത്. ജയിൽമോചിതനാകാൻ കാത്തിരിക്കാനാണ് തീരുമാനം.സമാനമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ തുടങ്ങിയവർ നിലവിൽ ജയിലിലാണ്. ഇവരെയും ചോദ്യം ചെയ്യാനായി കോടതിയെ സമീപിക്കേണ്ടതുണ്ടോ എന്ന ആലോചനയും നടക്കുന്നുണ്ട്. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ എക്സിക്യുട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ് എന്നിവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ച കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് ജാമ്യം കിട്ടി. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായി 43–ാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ദ്വാരപാലക ശിൽപ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചതെന്നതും കേസിന് ആസ്പദമായ രേഖയിൽ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.
കേസ് അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു.. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനു പിന്നാലെ ശബരിമല സ്വർണാപഹരണ കേസിൽ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ.
അതേസമയം, ശബരിമല കേസിലെ മറ്റൊരു പ്രതി കെ.പി. ശങ്കരദാസിന്റെ ജുഡീഷ്യൽ റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വീൽ ചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്. ശബരിമലയിൽ വിവാദ സ്വർണക്കടത്ത് നടന്ന സമയത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം 12 പേർക്കു നോട്ടിസ് അയയ്ക്കാൻ ഇ.ഡിക്കു നിയമോപദേശം ലഭിച്ചു. സാക്ഷികൾക്കുള്ള സമൻസായിരിക്കും കടകംപള്ളിക്കു നൽകുന്നത്. മറ്റുള്ളവരുടെ വിവരങ്ങളും ഇ.ഡി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്കു സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരം ലഭിച്ചാൽ അതിനു ശേഷം അവർക്കു സമൻസ് നൽകാനാണ് ഇ.ഡിയുടെ നീക്കം.
കേസിൽ അറസ്റ്റിലായ പ്രതി മുരാരി ബാബു ജാമ്യത്തിലിറങ്ങിയതിനാൽ ബാബുവിനും സമൻസ് അയച്ചു. ഫെബ്രുവരി ആദ്യയാഴ്ച ഹാജരാവാനാണു നിർദേശം. കൃത്യമായ ദിവസവും സമയവും ഇ.ഡി കേന്ദ്രങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിലെ താരം കടകം പള്ളിയാണ്. അതിനാൽ അതീവ രഹസ്യമാണ് ചോദ്യം ചെയ്യൽ.
കേരളത്തിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ സമയമായതിനാൽ കടകംപള്ളിക്കെതിരായ ഏതുനീക്കവും സി പി എമ്മിന് ദോഷം ചെയ്യും. അതുതന്നെയാണ് പാർട്ടിയെ അലട്ടുന്നതും. താൻ കൊള്ളയടിച്ചിട്ടില്ലെന്ന് കടകംപള്ളി ആവർത്തിക്കുമ്പോഴും അക്കാര്യം സി പി എം പൂർണമായി മുഖവിലയ്ക്കെടുത്തിട്ടില്ല. കടകംപള്ളിയുടെ കൈകൾ ശുദ്ധമാണെന്ന് പാർട്ടി കരുതുന്നുമില്ല. കടകംപള്ളിയെ വെറുതെ വിടാൻ പക്ഷേ പാർട്ടി തയ്യാറല്ല.കടകംപള്ളിക്ക് വന്നുചേരുന്ന ഓരോ അപകടവും സിപിഎമ്മിന് സംഭവിക്കുന്നതാണെന്ന് പാർട്ടിക്ക് നന്നായി അറിയാം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എംഎൽഎയും ആയ പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാത്തതിന് കാരണവും ഇതുതന്നെയാണ്. പത്മകുമാറിനെതിരെ നടപടിയെടുത്തിരു ന്നെങ്കിൽ കടകംപള്ളിക്കും എതിരെ നടപടി എടുക്കേണ്ടി വരുമായിരുന്നു അത്തരമൊരു സാഹചര്യം സംജാതമാക്കാൻ സിപിഎം താല്പര്യപ്പെടുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ കയ്യിൽ നിന്നും അന്വേഷണത്തിന്റെ ചുക്കാൻ ഇ ഡി ഏറ്റെടുത്തതോടുകൂടി കടകംപള്ളിക്ക് അപകടം സംഭവിക്കുമെന്ന് സി പി എമ്മിന് നന്നായി അറിയാമായിരുന്നു. ഇലക്ഷൻ പ്രഖ്യാപനത്തിന് മുമ്പ് ശബരിമലക്കേസിലെ മുഴുവൻ പ്രതികളെയും ജയിൽ മോചിതരാക്കാൻ സി പി എം ആഗ്രഹിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഒരു ഒരു വിഷയമേ ആകാതിരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പാർട്ടിക്ക് ഉണ്ടാക്കിയ തട്ടുകേട് ചെറുതൊന്നുമല്ല.അതിനാൽ മാർച്ചിനു മുമ്പ് ശബരിമല കൊള്ള തേയ്ച്ചുമായ്ച്ചുകളയാനാണ് ശ്രമം. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇ.ഡി. കരുക്കൾ നീക്കുന്നത്.
https://www.facebook.com/Malayalivartha

























