അഞ്ചുവര്‍ഷം മുമ്പൊന്ന് കണ്ടതാണ് ആ പീരങ്കികള്‍, പിന്നെ ഇതുവരെ ആരും കണ്ടിട്ടില്ല!
അഞ്ചുവര്‍ഷം മുന്‍പ് എട്ട് പീരങ്കികളാണ് പൈതൃക നഗരമായ തലശ്ശേരിയില്‍ നിന്ന് ലഭിച്ചത്. തലശ്ശേരി തുറമുഖ ഓഫീസിനു മുന്നില്‍ നിന്നാണ് പീരങ്കികള്‍ കണ്ടെത്തിയത്. ഇവയ്ക്ക് 400 വര്‍ഷത്തെ പഴക്കമാണ് കണക്കാക്കിയത്. വിദ്യാര്‍ഥികള്‍ക്കും ചരിത്രപ്രേമികള്‍ക്കും ഇവ കാണാന്‍ അവസരം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഇവ സംരക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും യാഥാര്‍ഥ്യമായില്ല. തലശ്ശേരിയില്‍ വിഭാവനം ചെയ്ത മറൈന്‍ മ്യൂസിയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി കിടക്കുകയാണ്. ഇതില്‍ രണ്ടു പീരങ്കികള്‍ കഴിഞ്ഞദിവസം ഇരിങ്ങല്‍ മ്യൂസിയത്തിലേക്ക് മാറ്റി. ഇരിങ്ങല്‍ പ്രദേശത്തു നിന്ന് നേരത്തേ പീരങ്കിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. അവയോടൊപ്പം പീരങ്കികളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ തലശ്ശേരിയില്‍ പീരങ്കികള്‍ കണ്ടെത്തിയതുമുതല്‍ അവകാശത്തര്‍ക്കവും തുടങ്ങിയിരുന്നു. കണ്ടുകിട്ടിയവ അന്നുതന്നെ പുരാവസ്തു വകുപ്പ് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. അന്നത്തെ എം.എല്‍.എ.യായിരുന്ന കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ ഇടപെട്ടതിനെ തുടര്‍ന്നാണ് തലശ്ശേരിയില്‍ത്തന്നെ സൂക്ഷിച്ചത്.
നിര്‍ദിഷ്ട മറൈന്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാമെന്ന് തുറമുഖ വകുപ്പ് അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് റവന്യൂവകുപ്പിന്റെ നിയന്ത്രണത്തില്‍ വിടുകയായിരുന്നു. ഇതോടെ തലശ്ശേരി സിവില്‍ സ്റ്റേഷനു സമീപത്തെ കെട്ടിടത്തിലേക്ക് പീരങ്കികള്‍ മാറ്റി.ആറളംഫാമിന്റെ റീട്ടെയില്‍ കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഇവിടെവെച്ച് പീരങ്കിയുടെ രാസസംരക്ഷണ പ്രവര്‍ത്തനം നടത്തി. അതിനുശേഷം ഇവ അടച്ചിട്ട മുറിയിലാണ്.
കാഴ്ചക്കാരന് ഇവ കാണാനുള്ള അവസരമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. രണ്ടുപീരങ്കികള് ഇരിങ്ങലിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ളവ തുറമുഖ വകുപ്പിന് കൈമാറി. ഇനി ഇവിടെ എത്രനാള്‍ എന്നതാണ് ഉയരുന്ന ചോദ്യം. 2013 ജൂണ്‍ 13-നാണ് തലശ്ശേരി തുറമുഖ ഓഫീസിനുമുന്നിലെ പീരങ്കി ജനശ്രദ്ധയിലെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയില്‍ എട്ടുപീരങ്കികള് ലഭിച്ചു. അവയില്‍ ഏറെയും വലിപ്പം കൂടിയവയായിരുന്നു. ടൂറിസത്തിനായി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവയില്‍ അപൂര്‍വം മാത്രം നടപ്പാക്കുകയും ചെയ്ത നഗരത്തില്‍ പീരങ്കികളുടെ അവസ്ഥയും അതുതന്നെ.
https://www.facebook.com/Malayalivartha