ശബരിമല വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരം, ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ കോടതിയെ അറിയിക്കണം തീരുമാനങ്ങള്‍ മറച്ചുവയ്ക്കരുതെന്നും ഹൈക്കോടതി

ശബരിമല വിഷയത്തില്‍ ഹൈക്കോടതി ഇന്ന് സര്‍ക്കാരിന് അനുകൂലവും വിമര്‍ശനപരവുമായ നിലപാട് സ്വീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഈ തല്ലും തലോടലും. ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ആദ്യത്തെ ഹര്‍ജി. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച വിവേചനാധികാരം സര്‍ക്കാരിനും മന്ത്രിസഭയ്ക്കും ആണെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി വായിച്ച് കേള്‍പ്പിച്ചു. നിയമപരമായി കോടതിയുടെ കൈ കെട്ടിയിട്ടിരിക്കുകയാണ്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് രണ്ടാമത് പരിഗണിച്ചത്. ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണെന്നും സര്‍ക്കാരിന് അതിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങളൊന്നും കോടതിയുടെ പക്കലില്ലെന്നും ഇത് സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമല വിഷയം സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍ നിന്ന് മറച്ച് വയ്ക്കരുതെന്നും വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി താക്കീത് നല്‍കി.
അക്രമത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും അതില്‍ ഒരാള്‍ പോലും നിരപരാധികള്‍ ആയിരിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ വലിയ പ്രത്യാഘാതം സംഭവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നാമജപത്തില്‍ പങ്കെടുത്ത വനിതകളെ അറസ്റ്റ് ചെയ്യുന്നത് ഡി.ജി.പി വിലക്കിയിരുന്നു.
https://www.facebook.com/Malayalivartha
























