സര്‍ക്കാരിന് തലവേദനയായി പോലീസ് ഉദ്യോഗസ്ഥന്‍... ഹരികുമാറിന് വേണ്ടി പോലീസുകാര്‍ പല സംഘങ്ങളായി തലങ്ങും വിലങ്ങും ഓടുമ്പോഴും എങ്ങുമെങ്ങും എത്തുന്നില്ല

നെയ്യാറ്റിന്‍കര സ്വദേശി എസ്. സനലിനെ കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡി.വൈ.എസ്.പി ഹരികുമാര്‍ എവിടെയെന്നറിയാതെ വട്ടം ചുറ്റുകയാണ് സര്‍ക്കാരും പോലീസും. ഹരികുമാര്‍ തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കുമ്പോഴും പിടികൂടാന്‍ പൊലീസിനാകുന്നില്ല. സതീഷ്‌കുമാര്‍ ഏര്‍പ്പെടുത്തിക്കൊടുത്ത ഡ്രൈവര്‍ രമേശുമായാണ് ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതെന്നാണ് വിവരം. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ താമസിച്ചാല്‍ പൊലീസ് പിടികൂടുമെന്ന് കണ്ട് മിക്ക സമയങ്ങളിലും കാറിലാണ് യാത്ര.
രമേശ് സംഘടിപ്പിച്ച വാടക കാര്‍ ആയതിനാല്‍ ഈ കാറിന്റെ നമ്പറും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനാല്‍ ലോഡ്ജുകളിലും വമ്പന്‍ ഹോട്ടലുകളിലും ഹരികുമാര്‍ മുറിയെടുക്കുന്നത് ഒഴിവാക്കി പകരം തിരക്കൊഴിഞ്ഞ സ്ഥലങ്ങളില്‍ കാര്‍ ഒതുക്കിയിട്ട് കാറിനുള്ളില്‍ തന്നെയാണ് ഇരുവരുടെയും ഭക്ഷണവും ഉറക്കവും. 14ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഇയാള്‍ തിരുവനന്തപുരത്തെത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍, അന്വേഷണസംഘത്തിന്റെ ഓരോ നീക്കവും ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഡിവൈ.എസ്.പിക്ക് ചോര്‍ത്തിക്കൊടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
സംഭവശേഷം സുഹൃത്ത് ബിനുവുമായി കാറില്‍ രക്ഷപ്പെട്ട ഹരികുമാര്‍ മൊബൈല്‍ ഫോണുകള്‍ ഓഫാക്കുന്നതിനു മുമ്പ് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ല നേതാവുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഈ നേതാവ് മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനുമായി പലവട്ടം ഫോണില്‍ സംസാരിച്ചു. ഒടുവില്‍ സനലിന്റെ മരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥിരീകരിച്ചപ്പോള്‍ ഈ നേതാവ് തന്നെയാണ് ഹരികുമാറിനെ അറിയിച്ചത്.
തൃക്കരിപ്പൂരിലെ ലോഡ്ജ് ഉടമയായ സതീഷ്‌കുമാര്‍ സംഘടിപ്പിച്ചുകൊടുത്ത രണ്ട് സിമ്മുകള്‍ വഴി ഹരികുമാര്‍ ജില്ല പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനിലെ നേതാവിനെയും ബന്ധുക്കളില്‍ ചിലരെയും വിളിച്ചിരുന്നു. ഈ നമ്പറുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ലൊക്കേറ്റ് ചെയ്തിരുന്നെങ്കിലും വിവരം ഹരികുമാറിന്റെ കാതുകളില്‍ എത്തിയതോടെ നവംബര്‍ ഏഴിന് ശേഷം രണ്ട് നമ്പറുകളും ഓഫാണ്. ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവിന്റെ ബലത്തില്‍ ചില പ്രാദേശിക നേതാക്കളുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. അതേസമയം ലോഡ്ജ് ഉടമയും മകനും അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha























