മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണ കിട്ടിയാല്‍ അതു സി.പി.ഐയുടെ കൂടെ നേട്ടം; ജനമെതിരായാല്‍ പതിയെ തടിയൂരാം; തന്ത്രപരമായ നീക്കങ്ങളുമായി കാനം രാജേന്ദ്രൻ

എന്തിനും ഏതിനും അഭിപ്രായം പറയുകയും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കിട്ടുന്ന അവസരമൊന്നും പാഴാക്കുകയും ചെയ്യാത്ത കാനം രാജേന്ദ്രന് ശബരിമല വിഷയത്തില്‍ മിണ്ടാട്ടമില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പി കളം നിറഞ്ഞപ്പോള്‍ കാനം വിഷയം പഠിക്കട്ടെയെന്നു പറഞ്ഞ് തടിയൂരി. പിന്നെ അഴകൊഴമ്പന്‍ മട്ടില്‍ മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി. ഒടുവില്‍ കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ കാനം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്കി.
തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് മാത്രം നോക്കി ഇടതുപക്ഷത്തിനും പ്രതേ്യകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അടിസ്ഥാന വിഷയങ്ങളില്‍ നിലപാടെടുക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പാര്‍ട്ടിക്കു നല്‍കിയ വിശദീകരണം. സി.പി.ഐ എക്‌സിക്യുട്ടീവില്‍ ഇക്കാര്യം ചര്‍ച്ചയായെങ്കിലും വിശ്വാസികളെ ഏറെ വെറുപ്പിക്കരുത് എന്ന നിലപാടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കലങ്ങിത്തെളിയുമ്പോള്‍ ഒരു ഭാഗത്ത് ഗ്രാഫ് താഴുമെങ്കിലും മറുഭാഗത്ത് ഗ്രാഫ് ഉയരുമെന്നാണ് സി.പി.എം അണികളോട് പറയുന്നത്. ഉറച്ച നിലപാടും ആശയവ്യക്തതയുമുള്ള സി.പി.എം, പല പ്രദേശങ്ങളിലും പല കാലഘട്ടങ്ങളിലായി പിണങ്ങിപ്പോയവര്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നവോത്ഥാനം, വര്‍ഗീയ വിരുദ്ധം, ഫാസിസ്റ്റ് വിരുദ്ധം എന്നീ മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായി തിരിച്ചെത്തും എന്ന വിശ്വാസത്തിലാണ്. ഇത് തങ്ങള്‍ക്ക് അപകടമായാലോ എന്നായിരുന്നു സി.പി.ഐ യും കാനവും ഭയപ്പെട്ടത്. ഒടുവില്‍ പ്രത്യക്ഷത്തില്‍ സി.പി.എമ്മിനൊപ്പം നില്ക്കുക എന്ന തന്ത്രപരമായ നിലപാടെടുത്തു.
മുഖ്യമന്ത്രിയും, സി.പി.എമ്മും മുന്നോട്ടുവച്ച നിലപാടുകള്‍ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ പാര്‍ട്ടിയുടെ ഇടതുപക്ഷ പുരോഗമന മതേതര കാഴ്ചപ്പാടുകള്‍ ചോദ്യം ചെയ്യപ്പെടും.
ഒടുവില്‍ പരസ്യമായി വിശ്വാസികള്‍ക്കെതിരായ വെല്ലുവിളികള്‍ വേണ്ട, ഒഴുക്കിനൊപ്പം സി.പി.എമ്മിനെത്തലോടി മുന്നോട്ടു പോവുക എന്ന തീരുമാനത്തിലെത്തി.
സി.പി.ഐ സംഘടിപ്പിക്കുന്ന കാല്‍നട പ്രചരണജാഥകളും മുഖ്യമായും വര്‍ഗീയതയ്‌ക്കെതിരാണ്. ബി.ജെ.പിയെ ആക്രമിക്കുക എന്ന മുഖ്യലക്ഷ്യത്തിനപ്പുറം വിശ്വാസികളെ ഏറെ പ്രകോപിപ്പിക്കണ്ട എന്നാണ് അണികള്‍ക്കു നല്കിയിരിക്കുന്ന രഹസ്യ നിര്‍ദ്ദേശം. അതുകൊണ്ടു തന്നെ 'മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇടതുപക്ഷത്തിന് സഹായകമാകുന്ന തരത്തിലോ, മുഖ്യമന്ത്രിക്കനുകൂലമായോ പരസ്യ നിലപാടുകള്‍ എടുക്കുന്നുമില്ല.
ശബരിമല വിഷയത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പാര്‍ട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പ്രസ്താവനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആകെ മുഴങ്ങിക്കേട്ടത്. സി.പി.എം ശക്തമായ നിലപാടുകളെടുക്കാന്‍ പലവട്ടം സി.പി.ഐ യോടു സൂചിപ്പിച്ചു കഴിഞ്ഞു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന തന്ത്രമാണ് സി.പി.ഐയുടേതെന്ന് സി.പി.എം നേതാക്കള്‍ അടക്കം പറയുന്നു. എന്തായാലും മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണ കിട്ടിയാല്‍ അതു സി.പി.ഐയുടെ കൂടെ നേട്ടം. ജനമെതിരായാല്‍ പതിയെ തടിയൂരാം. തന്ത്രപരമായാണ് കാനത്തിന്റെ നീക്കങ്ങള്‍.
https://www.facebook.com/Malayalivartha























