ആറ് സ്ത്രീകളുമായി തൃപ്തി ദേശായി വെള്ളിയാഴ്ച കേരളത്തില്‍ എത്തും; ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ആറ് സ്ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ മലകയറാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന്‌ള പിന്നോട്ടില്ലെന്ന് അവര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.
അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെ കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞിട്ടുള്ളത്. യുവതീപ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുടേത് ഉചിതമായ തീരുമാനമെന്നാണ് മന്ത്രിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്.
എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുളള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അയ്യപ്പവിശ്വാസികളുടെ കൂട്ടായ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























