പ്രവാസി നിയമസഹായ പദ്ധതിയുമായി നോര്‍ക്ക റൂട്ട്‌സ്, വിദേശമലയാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനുള്ളതാണ് പദ്ധതി

പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമ പ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുവാന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസി നിയമസഹായ പദ്ധതി നടപ്പാക്കുന്നു.
ജോലി സംബന്ധമായവ, പാസ്‌പോര്‍ട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങള്‍ ഇവയെല്ലാം ഈ സഹായപദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം, ഇതുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഇറാക്കിലും മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും അധിവസിക്കുന്നവക്ക് ആണ് ഈ സഹായം ലഭിക്കുന്നത്.
കേരളത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/പുരുഷന്‍) അതാത് രാജ്യങ്ങളില്‍ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത അനുഭവം ഉള്ളവരുമായവര്‍ക്കാണ് ലീഗല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ളത്.
നോര്‍ക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കുന്നതാണ്. അപേക്ഷകരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായസെല്ലിന് രൂപം കൊടുക്കുന്നത്.
പ്രവാസി മലയാളികളുടെ നിയമപരമായ കരുതല്‍ നടപടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി മലയാളികള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സിന്റെ മറ്റൊരു സംരംഭമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്.
https://www.facebook.com/Malayalivartha























