ആഴ്ചയില്‍ നാലു സര്‍വിസുമായി കണ്ണൂര്‍-ഷാര്‍ജ സര്‍വിസ് ഡിസംബര്‍ 10 മുതല്‍

കണ്ണൂരില്‍ നിന്ന് അബൂദബി, റിയാദ്, ദോഹ വിമാന താവളങ്ങളിലേക്കും തിരിച്ചും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ നാലുവീതം സര്‍വിസുകളോടെ ഷാര്‍ജയിലേക്കും തിരിച്ചുമുള്ള സര്‍വിസുകളുടെ ഷെഡ്യൂള്‍ പുറത്തിറക്കി. ഷെഡ്യൂള്‍ പുറത്തിറക്കിയ ബുധനാഴ്ചതന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ വെബ്‌സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികളുടെ അനുബന്ധ ലിങ്ക് വഴിയും റിസര്‍വേഷന്‍ ആരംഭിച്ചു.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് ഡിസംബര്‍ 10 മുതല്‍ കണ്ണൂരില്‍നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും വിമാന സര്‍വിസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ്. 743, ഐ.എക്‌സ്. 744 വിമാനങ്ങളാണ് യഥാക്രമം കണ്ണൂര്‍-ഷാര്‍ജ, ഷാര്‍ജ-കണ്ണൂര്‍ ആകാശപാതകളില്‍ പറത്തുന്നത്.
കണ്ണൂരില്‍നിന്ന് പ്രാദേശികസമയം രാവിലെ ഒമ്പതിന് പുറപ്പെടുന്ന വിമാനം ഷാര്‍ജ വിമാനത്താവളത്തില്‍ പ്രാദേശികസമയം 11.30ന് എത്തിച്ചേരും. ഷാര്‍ജയില്‍നിന്ന് പ്രാദേശികസമയം ഉച്ചക്ക് 12.30ന് തിരിച്ച് പറക്കുന്ന വിമാനം കണ്ണൂരില്‍ വൈകീട്ട് 5.40ന് എത്തിച്ചേരും. പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും എല്ലാ ദിവസങ്ങളിലും സമയത്തില്‍ വ്യത്യാസമില്ല.
ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ച് ബുക്കിങ് ആരംഭിച്ച ബുധനാഴ്ച കണ്ണൂര്‍-ഷാര്‍ജ റൂട്ടിനെ അപേക്ഷിച്ച് ഷാര്‍ജ-കണ്ണൂര്‍ റൂട്ടിലേക്കായിരുന്നു യാത്രക്കാരുടെ തിരക്കനുഭവപ്പെട്ടത്. 9559 രൂപയുടെ നിരക്കില്‍ ഡിസംബര്‍ 10-ന് കണ്ണൂരില്‍നിന്ന് ഷാര്‍ജയിലേക്ക് ബുധനാഴ്ച രാത്രി വൈകിയും റിസര്‍വേഷന്‍ നല്‍കുമ്പോള്‍ ഷാര്‍ജ-കണ്ണൂര്‍ റൂട്ടില്‍ ഡിസംബര്‍ 10-ന് 27,601 രൂപക്കാണ് ടിക്കറ്റ് വില്‍പന തുടരുന്നത്.
ഫ്‌ലക്‌സി കാറ്റഗറിയില്‍ 46,003 രൂപയാണ് ഷാര്‍ജ-കണ്ണൂര്‍ ടിക്കറ്റ് നിരക്ക്. ഡിസംബര്‍ 12, 14, 15 തീയതികളില്‍ 24,601 രൂപ മുതല്‍ 31,002 രൂപവരെയായി ഷാര്‍ജ-കണ്ണൂര്‍ റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍-ഷാര്‍ജ റൂട്ടിലാകട്ടെ ഈ ദിവസങ്ങളില്‍ 7984 രൂപ മുതല്‍ 8509 രൂപവരെയുള്ള നിരക്കിലാണ് ടിക്കറ്റ് വില്‍പന തുടരുന്നത്.
https://www.facebook.com/Malayalivartha























