വ്യാജ ലൈസന്‍സ് ശരിയാക്കി കൊടുത്തയാള്‍ പിടിയില്‍

ബഹുനില കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ്ഡ് എഞ്ചിനീയര്‍മാരുടെ വ്യാജ ഒപ്പും, സീലും ഉപയോഗിച്ച് ലൈസന്‍സ് ശരിയാക്കി കൊടുത്തിരുന്ന കേസിലെ പ്രതി പിടിയില്‍. വെസ്റ്റ്ഹില്‍ ശ്രീ ഹൗസില്‍ ഗിരീഷ്‌കുമാര്‍ (51)- നെയാണ് ടൗണ്‍ പോലീസ് ഇന്നലെ പിടികൂടിയത്.
നഗരം പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഗീരീഷ് കുമാറിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയമ്പലത്തിന് സമീപത്തെ കെട്ടിടത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ആനി ഹാള്‍ റോഡിന് സമീപം പണിത് കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
ഇതേ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയ പരിശോധയിലാണ് വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലൈസന്‍സ്ഡ് എഞ്ചീനിയറുടെ പേരില്‍ അനുമതി സംഘടിപ്പിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്ത മേല്‍വിലാസത്തില്‍ അയച്ച നോട്ടീസ് കൈയ്യില്‍ കിട്ടിയപ്പോഴാണ് ലൈസസന്‍ഡ് എഞ്ചിനീയറായ കക്കോടി സ്വദേശി കെ. സുനില്‍ കുമാറിന് ചതി മനസ്സിലായത്.
കെ.സുനില്‍ കുമാര്‍ നഗരം പോലീസില്‍ പരാതി കൊടുത്തെങ്കിലും ഏഴ് മാസം കഴിഞ്ഞിട്ടും കേസ്സില്‍ അന്വേഷണ പുരോഗതി ഉണ്ടായില്ല. ഇത് വിവാദമായതിനെ തുടര്‍ന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കെട്ടിടത്തിന്റെ പ്ലാന്‍ റിവൈസ്ഡ് പ്ലാനായി മാറ്റി അനുമതി നേടാന്‍ ശ്രമം നടന്നത്. അതിനിടയിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ സമാനമായ കേസ്സില്‍ എലത്തൂര്‍, മെഡിക്കല്‍ കോളേജ് പോലീസും കേസ്സെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് നഗരം പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























