വധഭീഷണിക്ക് പിന്നാലെ ചിന്തകനും അദ്ധ്യാപകനുമായ സുനില്‍ പി.ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണം

ചിന്തകനും അദ്ധ്യാപകനുമായ സുനില്‍ പി.ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചു. ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച സംഘപരിവാര്‍ സംഘടനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് സുനില്‍ പി. ഇളയിടത്തിന് നേരെ ആക്രമണങ്ങള്‍ ശക്തമാകാന്‍ കാരണമായത്.
കാലടി സര്‍വകലാശാലയിലുള്ള ഓഫീസിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. ഓഫീസിന് മുന്നിലുള്ള സുനില്‍ പി.ഇളയിടത്തിന്റെ നെയിം ബോര്‍ഡ് ആക്രമികള്‍ തകര്‍ത്തു. കൂടാതെ ഓഫീസ് മുറിക്ക് മുന്നില്‍ കാവി ചായം കൊണ്ട് അപായ ചിഹ്നവും വരച്ചു വച്ചിട്ടുണ്ട്.
നേരത്തെ സംഘപരിവാര്‍ ഫേസ്‌ബുക്ക് പേജില്‍ നിന്ന് സുനില്‍.പി.ഇളയിടത്തിന് നേരെ വധഭീഷണിയുണ്ടായിരുന്നു. ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊല്ലണം എന്നായിരുന്നു സംഘപരിവാറുകാര്‍ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചത്. ഫേസ്‌ബുക്കിലെ സുദര്‍ശനം എന്ന ഗ്രൂപ്പിന്റെ പേജില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിയിട്ടുള്ള കമന്റിലാണ് അസഭ്യവര്‍ഷവും ഭീഷണിയും ഉയര്‍ന്നത്.
ഹിന്ദുക്കള്‍ക്കെതിരേ തുടര്‍ച്ചയായി സംസാരിക്കുന്ന ഇയാള്‍ ഭൂമിക്ക് ഭാരമാണെന്നാണ് കമന്റില്‍ കുറിച്ചിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങള്‍ നടത്തുന്നതാണ് സുനില്‍ പി. ഇളയിടത്തിനെതിരേയുള്ള പ്രകോപനത്തിനു കാരണം. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള ആചാര്യന്മാരെ ആധികാരികമായി ഉദ്ധരിച്ചാണ് പ്രഭാഷണങ്ങള്‍ നടത്തുന്നതും. ഭീഷണിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha























