കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം; ഏറ്റവുമധികം ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ച ബഹുമതിയും കേരളത്തിന്

നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വര്‍ഷം 4,000 നിയമാനുസൃത രക്ഷാകര്‍ത്താക്കളെ നിയമിച്ചപ്പോള്‍ മറ്റെല്ലാ സംസ്ഥാനങ്ങളും കൂടി അതിന്റെ പകുതി പോലും നിയമിച്ചിട്ടില്ല.
കേരള സര്‍ക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ത്യയില്‍ ആകെ 82,000 പേര്‍ ഈ പദ്ധതിയില്‍ അംഗങ്ങളായപ്പോള്‍ അതിന്റെ 39% ഗുണഭോക്താക്കളും കേരളത്തില്‍ നിന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ട്രസ്റ്റ്, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗക്കാര്‍ക്കു വേണ്ടി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിരാമയ. ഗുണഭോക്താക്കള്‍ നാഷണല്‍ ട്രസ്റ്റിലേക്ക് അടയ്‌ക്കേണ്ട വാര്‍ഷിക പ്രീമിയം തുക സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ നാഷണല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി 14 ജില്ലകളിലും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ലോക്കല്‍ കമ്മിറ്റികളും ഇവ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ ഇതുവരെ 70 ലക്ഷം രൂപ നാഷണല്‍ ട്രസ്റ്റില്‍ നിന്നും മെഡിക്കല്‍ ക്ലെയിം കൈപ്പറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























