ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍

സംസ്ഥാനത്ത് ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങൾക്കിടയിൽ സിപിഐഎം എംഎല്‍എ എഎന്‍ ഷംസീറിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍.
തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റായ പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷിനെയാണ് (25) തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെ ബോംബാക്രമണം നടന്നത്. ജനുവരി നാലിന് രാത്രി 10നാണ് സംഭവം. ബോംബെറിയുമ്പോള്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു.
സംഭവം നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം . ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചിരുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
സംഭവം നടന്ന ദിവസം ബൈക്കില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായി വീടിന് സമീപത്തെ കുട്ടി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍കോളുകളും പരിശോധിച്ചാണ് അന്വേഷണസംഘം വെള്ളിയാഴ്ച പുലര്‍ച്ച തലായി കടപ്പുറത്തുവെച്ച് സതീഷിനെ പിടികൂടിയത്.ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























