തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിനു എതിരെയുള്ള ഹർജി ഹൈക്കോടതിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യാവത്കരണത്തിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും നൽകിയ ഹർജിയിലാണ് ഇന്ന് ഹൈക്കോടതി വിധിയുണ്ടാവുക. വിമനത്താവളത്തിന്‍റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ നടപടികൾ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
വിമാനത്താവളത്തിനായുള്ള സാമ്പത്തിക ലേലത്തിൽ പങ്കെടുത്ത കെഎസ്ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സ്വകാര്യവത്കരണത്തിനെതിരെ കോടതിയിൽ ഹർജി നൽകിയത്.
വിമാനത്താവളത്തിനായി തിരുവിതാംകൂർ രാജ്യം നൽകിയ 258 ഏക്കർഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണെന്ന് ഹർജിയിൽ സർക്കാർ പറയുന്നു. സ്വകാര്യവത്കരണമുണ്ടാകില്ലെന്ന ധാരണയിൽ 2003ൽ 27 ഏക്കർ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നൽകിയിരുന്നുവെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനവുമായി കേന്ദ്രസർക്കാർ ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് ഹർജിയിൽ സർക്കാരിന്‍റെ പ്രധാന വാദം. 2005-ൽ 324 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. ഈ ഭൂമി മറ്റാർക്കും കൈമാറരുതെന്ന വ്യവസ്ഥയെന്ന് സർക്കാർ കോടതിയിൽ വാദിക്കും. ഭൂമി ഏറ്റെടുക്കാൻ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നൽകാമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടും. ഈ കേസിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























