വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു, ഏറ്റുമുട്ടലിനെ തുടര്‍ന്ന് വൈത്തിരിയില്‍ സുരക്ഷ ശക്തമാക്കി

വയനാട് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായി ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മാവോയിസ്റ്റ് സംഘാംഘമാണ് വെടിയേറ്റ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിനെ തുടര്‍ന്ന് വൈത്തിരിയില്‍ സുരക്ഷ ശക്തമാക്കി. മുപ്പതിലധികം സേനാംഗങ്ങള്‍ ഇപ്പോഴും കാടിനുള്ളിലാണ്. കൂടുതല്‍ പേര്‍ വൈത്തിരിയിലേക്ക് എത്തും.ദേശീയപാതയ്ക്കരികിലുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് ഏറ്റുമുട്ടലുണ്ടായത്.
തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.രാത്രി ഒന്‍പത് മണിയോടെയാണ് റിസോര്‍ട്ടിലേക്ക് മാവോയിസ്റ്റുകളെത്തിയത്. റിസോര്‍ട്ട് ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലേക്ക് മാറിയെന്നുമാണ് പൊലീസ് പറയുന്നത്. ആയുധവുമായി എത്തിയ അഞ്ചംഗ സംഘമാണ് പണമാവശ്യപ്പെട്ടത്. റിസോര്‍ട്ടിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്.
വിവരം തണ്ടര്‍ ബോള്‍ട്ടിന് കൈമാറിയതോടെ റിസോര്‍ട്ട് പൊലീസ് വളയുകയായിരുന്നു. 4.30 നാണ് അവസാന വെടിയൊച്ച കേട്ടത്. പ്രദേശത്തേക്കുള്ള വൈദ്യുതി ഗതാഗത ബന്ധങ്ങള്‍ പൊലീസ് വിച്ഛേദിച്ചിരുന്നുവെങ്കിലും 11.30 ഓടെ പുനഃസ്ഥാപിച്ചു. റിസോര്‍ട്ടിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് തണ്ടര്‍ ബോള്‍ട്ട് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























