40 വര്‍ഷമായി അന്തര്‍ സംസ്ഥാന കഞ്ചാവ് ഇടപാട് നടത്തുന്ന മാഫിയാ സംഘത്തിന്റെ തലവന്‍ കോട്ടയത്ത് പിടിയില്‍; പൊലീസിനെ ഞെട്ടിച്ച് ശിങ്കാരാജിന്റെ സാമ്രാജ്യം

കോട്ടയത്തു രഹസ്യ ഇടപാടിനെത്തിയപ്പോള്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ 3 സംസ്ഥാനങ്ങളില്‍ 40 വര്‍ഷമായി കഞ്ചാവ് ഇടപാട് നടത്തുന്ന മാഫിയാ സംഘത്തിന്റെ തലവന്‍ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട്, കമ്പം ഉത്തമപുരം ശിങ്കരാജ് (പാണ്ഡ്യന്‍ -63) പിടിയിലാകുമ്പോള്‍ രണ്ടു കിലോയോളം കഞ്ചാവും കൈവശമുണ്ടായിരുന്നു. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍നിന്നു ബെംഗളുരുവില്‍ എത്തിക്കുന്ന കഞ്ചാവ് പിന്നീട് പാസഞ്ചര്‍ ട്രെയിനുകളിലും ചരക്കു വാഹനങ്ങളിലും കയറ്റിയാണു കമ്പത്തെത്തിച്ചിരുന്നത്.
ഏതു വലിയ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ 10 അംഗ അഭിഭാഷക സംഘം, എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്ന ഗുണ്ടകള്‍, കടിച്ചു കീറാന്‍ ഒരുങ്ങി നായ്ക്കളുടെ കൂട്ടം. ഉത്തമപുരം കോളനിയില്‍ രാജാവായി വിലസിയ ശിങ്കരാജിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസിനെപ്പോലും ഞെട്ടിച്ചു. ദക്ഷിണേന്ത്യയില്‍ കഞ്ചാവെത്തിക്കുന്നതില്‍ ശിങ്കരാജാണ് പ്രമുഖനെന്നു കണ്ടെത്തിയതു മുതല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കിടപ്പു മുറിയില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി അതിലാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്. അവിടെ സുരക്ഷയ്ക്കായി പത്തോളം നായ്ക്കളുമണ്ട്. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ 7 വരെയുള്ള സമയത്താണു പ്രധാന കച്ചവടം. 5 മുതല്‍ 10 ലക്ഷം രൂപയുടെ വരെ കഞ്ചാവാണ് ഈ സമയത്തു വില്‍ക്കുന്നത്. നേരിട്ട് ഇടപാടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്ത ശിങ്കരാജ് സ്ത്രീകളെ ഇടനിലക്കാരായി നിര്‍ത്തിയാണ് വില്‍പന. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണു പ്രധാന ഇടപാടുകാര്‍.
എല്ലാ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ശിങ്കരാജിനെത്തേടി കമ്പത്തെത്തിയിരുന്നു. ഗുണ്ടകളുടെ കാവലിലാണ് ഓരോ ഇടപാടുകളും. ആദ്യമായാണു ശിങ്കരാജ് കേരള പൊലീസിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ ഇതുവരെ ഒരു കേസ് മാത്രമാണു കേരളത്തിലുണ്ടായിരുന്നത്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ ജി.ബിനു, എസ്‌ഐ മഹേഷ്‌കുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്‌ഐ ടി.എസ്.റെനീഷ്, കുറവിലങ്ങാട് എസ്‌ഐ ദീപു, എഎസ്‌ഐ ഐ.സജികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എന്‍.മനോജ്, ജോര്‍ജ് വി.ജോണ്‍, ലഹരി വിരുദ്ധ സ്‌ക്വാഡ് എഎസ്‌ഐ നൗഷാദ്, സീനിയര്‍ സിപിഒ പി.വി.മനോജ്, സിപിഒ റിച്ചാര്‍ഡ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ കുടുക്കിയത്.
സംഘത്തിലെ രണ്ടു പ്രധാനികള്‍ കൂടി പിടിയിലാകാനുണ്ട്. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ക്കു കഞ്ചാവു വിറ്റു മടുത്തെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ ശിങ്കരാജ് പറഞ്ഞത്. പൊലീസിന്റെ ഇടപെടലുകള്‍ക്ക് വേഗം കൂട്ടിയത് ലഹരിയുടെ വ്യാപനത്തിനെതിരെ പ്രമുഖ പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് ഹൈക്കോടതി എടുത്ത നടപടിയാണ്.
ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു കോടതിയുടെ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി സ്വമേധയാ നടപടിക്കും തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നു ലഹരി വേട്ട ശക്തമാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്.
https://www.facebook.com/Malayalivartha
























