ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ട് പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെയും, പ്രതി റോഷനെയും മുബൈയിൽ നിന്ന് കണ്ടെത്തി; പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷം വൈദ്യ പരിശോധനയും നടത്തും

ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷനും സംഘവും ചേർന്ന് തട്ടികൊണ്ടുപോയത്. ഓച്ചിറ വലിയകുളങ്ങര എന്ന ഭാഗത്ത് വിഗ്രഹങ്ങളും മറ്റും വിൽക്കുന്ന മാതാപിതാക്കളുടെ മകളെ തട്ടികൊണ്ടുപോയതിന് പിന്നാലെ ഇവർ അടുത്ത ദിവസം തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ വിഗ്രഹങ്ങൾ വിൽക്കുന്നതിന് തൊട്ടടുത്തായി ഷെഡ് കെട്ടിയായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമാണ് റോഷനും സംഘവും മാതാപിതാക്കളെ ക്രൂരമായി തല്ലിച്ചതച്ച ശേഷം പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് അന്വേഷണം തന്നെ തുടങ്ങിയത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. മാർച്ച് പതിനെട്ടാം തീയതിയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു.
മുംബയിൽ നിന്ന് കേരള പൊലീസ് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഡോ സംഘമാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയെയും യുവാവിനെയും ഉടൻ തന്നെ കേരളത്തിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























