നമ്മുടെ കൊച്ചനുജനാണ് , വിജയിപ്പിക്കണം; അത് ഞങ്ങള്‍ക്ക് വിട്ടേരെ സഖാവേ..കശുവണ്ടി തൊഴിലാളികളോട് കുശലം പറഞ്ഞും സൗഹൃദം പുതുക്കിയും മേഴ്സിക്കുട്ടിയമ്മ

കൊല്ലം : എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പൊതുജീവിതം ആരംഭിച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി നിലകൊണ്ട് കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളികളുടെ പ്രിയ സഖാവായി മാറിയ സംസ്ഥാന ഫിഷറീസ് - പരമ്പരാഗത,കശുവണ്ടി വ്യവസായ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ . മേഴ്സിക്കുട്ടിയമ്മ കൊല്ലം പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ച് കശുവണ്ടി ഫാക്ടറികളില്‍ ചെന്ന് ആദ്യം പറഞ്ഞത് ഇത്രമാത്രം ; നമ്മുടെ കൊച്ചനുജനാണ്...വിദ്യാര്‍ഥി - യുവജനപ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന നമ്മുടെ ബാലഗോപാലിനെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ അദ്ദേഹത്തെ നിങ്ങളെ ഏല്‍പ്പിക്കുന്നു. വലിയ കയ്യടിയോടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ അഭ്യര്‍ത്ഥനയെ കശുവണ്ടിത്തൊഴിലാളി സ്ത്രീകള്‍ സ്വീകരിച്ചത്.
കശുവണ്ടി വ്യവസായം സംരക്ഷിക്കുമെന്നത് ഈ ഗവണ്മെന്റിന്റെ വാഗ്ദാനമാണ് . പൊതുമേഖലാ കശുവണ്ടി ഫാക്ടറികള്‍ മുഴുവന്‍ തുറന്നു. കഴിഞ്ഞ ഇരുപതുവര്‍ഷമായി കേന്ദ്രഗവണ്മെന്റിനോടാവശ്യപ്പെടുന്നതാണ് കൊല്ലം ആസ്ഥാനമായി കാഷ്യു ബോര്‍ഡ് രൂപീകരിക്കണമെന്ന് . എന്നാല്‍ അവര്‍ അതിനു തയ്യാറാവാത്ത സാഹചര്യത്തില്‍ ഈ ഗവണ്മെന്റ് വന്നതോടെ കാഷ്യു ബോര്‍ഡ് രൂപീകരിച്ചു . അതോടെ തോട്ടണ്ടി നേരിട്ടുവാങ്ങി പൊതുമേഖലയ്ക്ക് നല്‍കാന്‍ കഴിഞ്ഞു. സ്വകാര്യ മേഖലയിലെ ഫാക്ടറികള്‍ക്കും തോട്ടണ്ടി വിതരണം നടത്താന്‍ ഈ കാഷ്യു ബോര്‍ഡിലൂടെ സാധിക്കുന്ന സാഹചര്യമൊരുക്കുകയും അതുവഴി അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികള്‍ തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
നഷ്ടത്തില്‍ മുങ്ങിനില്‍ക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്ക് ബാങ്ക് വായ്പ നല്‍കാന്‍ ബാങ്കുകളുമായി ധാരണ ആയതായും അതിന്റെ പലിശ ഗവണ്മെന്റ് നല്‍കാമെന്ന് ബാങ്കുകള്‍ക്ക് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും കശുവണ്ടി വ്യവസായം പുരോഗതിയിലേക്ക് കുതിക്കുന്നതായും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























