കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിച്ചുചാട്ടം; ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകരെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ചെലവുകുറഞ്ഞ കാന്‍സര്‍രോഗ ചികിത്സയിലേക്ക് എത്താവുന്ന മരുന്ന് കണ്ടുപിടിച്ച ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ശ്രീ ചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോറിനെ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
കാന്‍സര്‍ രോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് വലിയ മാറ്റത്തിനാണ് കേരളം തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന വലിയൊരു ആരോഗ്യ പ്രശ്‌നത്തിന് നാട്ടിലെ ശാസ്ത്രജ്ഞന്‍മാര്‍ തന്നെ മരുന്ന് കണ്ടെത്തിയത് അഭിമാനകരമാണ്. ഇതിലൂടെ വളരെ വിലകുറഞ്ഞ രീതിയില്‍ കാന്‍സര്‍ മരുന്ന് വിപണിയിലെത്തിക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ശ്രീചിത്ര മാര്‍ച്ച് 24 ന് നടത്തിയ ടെക്‌നോളജി കോണ്‍ക്ലേവില്‍ ആരോഗ്യ രംഗത്ത് വലിയ മാറ്റം വരുത്തുന്ന ഏകദേശം 10 നൂതന സാങ്കേതികവിദ്യകളാണ് അവതരിപ്പിച്ചത്. ശ്രീ ചിത്രയിലെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംയുക്തമായാണ് ഗവേഷണം നടത്തിയത്.
ഇതിലേറ്റവും പ്രധാനമായിരുന്നു കാന്‍സറിനുള്ള മരുന്ന് വികസിപ്പിച്ചെടുത്തത്. ഒരു സസ്യത്തില്‍ നിന്നും വേര്‍തിരിച്ച മരുന്ന് ഇന്‍ജക്ഷന്‍ രൂപത്തിലാക്കി എലികളിലാണ് പരീക്ഷിച്ചത്. എലികളിലെ കാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച് കാന്‍സര്‍ മുഴകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുള്ള പ്രാരംഭ പരീക്ഷണങ്ങളാണ് നടന്നിട്ടുള്ളത്. ഇതിന് കൂടുതല്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും ആവശ്യമാണ്. ഇത് മനുഷ്യരില്‍ പരീക്ഷിച്ചതിന് ശേഷം മാത്രമേ വിപണിയിലെത്തിക്കാന്‍ കഴിയുകയുള്ളൂ. ശ്രീ ചിത്രയ്ക്കും ഐ.സി.എം.ആര്‍.നുമാണ് ഇതിന്റെ പേറ്റന്റുള്ളത്. ഇതുസംബന്ധിച്ചുള്ള എല്ലാ ഫലങ്ങളും പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷമാണ് അമേരിക്കയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കമ്പനി ഇത് ഏറ്റെടുത്തത്.
ഏറ്റവും ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ക്ഷയരോഗത്തിന്റെ അണുക്കളെ വളരെ വേഗത്തില്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന ഡിവൈസും ഇതോടൊപ്പം കണ്ടുപിടിച്ചിട്ടുണ്ട്. വില കുറഞ്ഞ ഈ ഡിവൈസിന് വലിയ ലബോറട്ടറി സംവിധാനങ്ങളോ വൈദഗ്ധ്യമുള്ള ടെക്‌നീഷ്യന്‍മാരുടേയോ ആവശ്യമില്ലെന്ന് ശ്രീ ചിത്ര ഡയറക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























