പത്ത് ദിവസത്തോളം രാജസ്ഥാനി പെൺകുട്ടിയുമായി ഒളിവ് ജീവിതം നയിച്ച റോഷനെ കരുനാഗപ്പള്ളി കോടതിയിലെത്തിച്ച ശേഷം ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു; തട്ടികൊണ്ടുപോയ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നത് ചൈൽഡ്‌ലൈൻ പ്രവർത്തകർ

ഓച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയേയും പ്രതിയേയും നാട്ടിലെത്തിച്ചു. രണ്ടു മണിയോടെയാണ് ഇരുവരെയും ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എസ്ഐമാരായ ശിവകുമാർ, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റോഡുമാർഗമാണ് ഇരുവരെയും നാട്ടിലെത്തിച്ചത്. റോഷനെയും പെൺകുട്ടിയെയും കരുനാഗപ്പള്ളി കോടതിയിലെത്തിച്ച ശേഷം ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. പെൺകുട്ടിയെ ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് ചോദ്യം ചെയ്യുന്നത്.
രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈ പന്‍വേലിലുള്ള ചേരിയില്‍നിന്ന് ഇന്നലെയാണ് കണ്ടെത്തിയത്. അവിടുത്തെ കോടതിയില്‍ ഹാജരാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നു റോഷന്‍ പറഞ്ഞു. ഏറെനാളായി പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. പെണ്‍കുട്ടിക്കു 18 വയസുണ്ടെന്നും റോഷന്‍ പറഞ്ഞു. കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റെ മകനാണു റോഷൻ.
വഴിയോരക്കച്ചവടക്കാരായ ഇതരസംസ്ഥാന ദമ്പതികളെ ആക്രമിച്ച ശേഷം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയായ പായിക്കുഴി മോഴൂത്തറയിൽ പ്യാരി (19), പായിക്കുഴി കുറ്റിത്തറയിൽ അനന്തു (20), വവ്വാക്കാവ് തണ്ടാശേരിൽ തെക്കതിൽ ബിവിൻ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























