കള്ളിൽ കഞ്ചാവ് ചേർത്ത് വില്പന ; പത്തനംതിട്ട ജില്ലയിൽ മൂന്നു കള്ളുഷാപ്പ് പൂട്ടാൻ എക്സൈസ് വകുപ്പിന്റെ നിർദേശം

കള്ളിൽ കഞ്ചാവ് ചേർത്ത് വില്പന കണ്ടെത്തിയതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ മൂന്നു കള്ളുഷാപ്പ് പൂട്ടാൻ എക്സൈസ് വകുപ്പിന്റെ നിർദേശം. പത്തനംതിട്ട റേഞ്ചിൽ ടി.എസ്. 16 പരിയാരം, ടി.എസ്. 12 തറയിൽമുക്ക്, കോന്നി റേഞ്ചിൽ ടി.എസ്. ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകളാണു പൂട്ടിക്കുന്നത്. രണ്ടാഴ്ചമുമ്പ് ഇവിടെനിന്നുള്ള കള്ളിെന്റ സാമ്പിളുകൾ രാസപരിശോധനയ്ക്കായി തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ, കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തി.
കഞ്ചാവ് ഒായിലിന്റെ അംശം ഉൾപ്പെട്ട കനാബിനോയ്‌ഡ് എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യമാണ് ഇവിടെനിന്നു ശേഖരിച്ച കള്ളിൽ കണ്ടെത്തിയത്. ഷാപ്പുകളുടെ ഉടമകളായ കോഴഞ്ചേരി മെഴുവേലി അജിഭവനത്തിൽ എ.ജെ.അജി, പീരുമേട് കൊക്കയാർ കാക്കനാട് വീട്ടിൽ റെജി ജോർജ്, കുമ്പഴ ആലുനിൽക്കുന്നതിൽ കുഞ്ഞുമോൻ, മാനേജർമാരായ കൊല്ലം തൃക്കടവൂർ ഇടവിനാട്ട് ചന്ദ്രൻ, ഇലന്തൂർ കിഴക്കേതിൽ അനിലാൽ, കോന്നി മങ്ങാരം വെളിയത്ത് മേലേതിൽ രാജുക്കുട്ടൻ എന്നിവർക്കെതിരേ എക്സൈസ് കേസെടുത്തു. ജില്ലയിലെ മറ്റു കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജി.മുരളീധരൻ നായർ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് അടൂർ റേഞ്ചിലെ അഞ്ചു ഷാപ്പ് എക്സൈസ് പൂട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് പത്തനംതിട്ട ജില്ലയിൽ മൂന്നു കള്ളുഷാപ്പ് പൂട്ടാൻ എക്സൈസ് വകുപ്പിന്റെ നിർദേശം
https://www.facebook.com/Malayalivartha



























