അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്തതിന്റെ പേരില്‍ വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെ അച്ചടി തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ഭാഗിക ഇളവ്

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാത്തതിന്റെ പേരില്‍ വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെ അച്ചടി തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ഭാഗിക ഇളവ്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന സുരക്ഷാ കോഡ് ഉണ്ടെങ്കില്‍ മാത്രമേ രജിസ്‌ട്രേഷന്‍ രേഖകള്‍ അച്ചടിക്കാന്‍ കഴിയുകയുള്ളൂ എന്ന നിബന്ധനയാണ് പിന്‍വലിച്ചത്. ഇത് 2019 ഏപ്രില്‍ മുതല്‍ നിര്‍മിച്ച വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തി. ഇവ വിപണിയില്‍ എത്തിത്തുടങ്ങിയിട്ടേയുള്ളൂ.
മാര്‍ച്ചില്‍ നിര്‍മിച്ച വാഹനങ്ങളാണ് ഏപ്രിലില്‍ വിറ്റത്. ആദ്യ നിബന്ധനയില്‍ ഇളവ് വരുത്തി വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവിറങ്ങിയത്. എം. പരിവാഹന്‍ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് മാറ്റം വരുത്തി. അച്ചടി തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ വ്യാഴാഴ്ച വൈകീട്ടാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെങ്ങും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കിത്തുടങ്ങിയിട്ടില്ലെന്ന കാര്യം മോട്ടോര്‍വാഹന വകുപ്പ് ഉടന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. പുതിയ നിബന്ധനകളുടെ സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ ചേര്‍ന്ന ഉന്നതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളുടെ അച്ചടിക്കുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇവ വിതരണംചെയ്ത് തുടങ്ങുമെന്നും ഡീലര്‍മാര്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചു. അതേസമയം, അതിസുരക്ഷാ നമ്പര്‍പ്ലേറ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വാഹന ഉടമകളെ വലയ്ക്കുകയാണ്. എപ്രില്‍ ഒന്നുമുതലാണ് ഇത് നിര്‍ബന്ധമാക്കിയത്. സംസ്ഥാനത്ത് ഒരുമാസം 70,000 വാഹനങ്ങള്‍ പുതിയതായി ഇറങ്ങുന്നുണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ചില ഡീലര്‍മാര്‍ ഇതിന് പണവും വാങ്ങി. കേന്ദ്രനിയമപ്രകാരം വാഹനനിര്‍മാതാവാണ് നമ്പര്‍പ്ലേറ്റ് നല്‍കേണ്ടത്. ഘടിപ്പിക്കേണ്ടത് ഡീലര്‍മാരാണ്. എന്നാല്‍, ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഇറങ്ങിയ പുതിയ വാഹനങ്ങള്‍ക്കൊന്നും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കിയിട്ടില്ല. രജിസ്‌ട്രേഷന്‍ രേഖകള്‍ ലഭിച്ചെങ്കിലും നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വാഹന ഉടമകള്‍.
ഇവരുടെ വാഹനങ്ങളില്‍ ഭാവിയില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുമ്പോള്‍ സുരക്ഷാകോഡ് എം. പരിവാഹന്‍ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടി വരും. ഇതിനുള്ള ചുമതല ഡീലര്‍മാരെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. നിലവിലുള്ള പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമല്ല.
https://www.facebook.com/Malayalivartha


























