"ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍"; മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു. നാളെ വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
മാസപ്പിറവി കണ്ടതോടെ ഇസ്ലാം മത വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. ഈദ്‌പെരുന്നാളിലവസാനിക്കുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ നാളുകള്‍ക്ക് തുടക്കം കുറിക്കുകയാണ് വിശ്വാസികള്‍. ഇസ്ലാം മത വിശ്വാസികള്‍ നാളെ മുതല്‍ പകല്‍ സമയം മുഴുവന്‍ വ്രതം (ഉപവാസം) അനുഷ്ഠിക്കും. ഇന്ന് ചന്ദ്രോദയം മുതലാണ് റംസാന്‍ മാസത്തിന് തുടക്കമായത്. മനസ് ഏകാഗ്രമാക്കാനുള്ള അവസരമാണ് റമദാന്‍ സമയം. ആന്തരികമായ അച്ചടക്കമാണ് നോമ്ബിന്റെ ലക്ഷ്യം. മനുഷ്യര്‍ക്ക് ആന്തരികവെളിച്ചം നല്‍കിയ അല്ലാഹുവിന് നന്ദി സൂചകമായാണ് വ്രതമനുഷ്ഠിക്കുന്നത്. വിശുദ്ധ ഖുറാന്‍ അവതരിച്ചതിന്റെ വാര്‍ഷികാഘോഷം കൂടെയാണ് റമദാന്‍.
ഈ ദിവസങ്ങളില്‍ പകല്‍ സമയം ഇസ്ലാം മതവിശ്വാസികള്‍ ആഹാരപാനീയങ്ങള്‍ ഉപേക്ഷിക്കുന്നു. സകല വികാരങ്ങളെയും നിയന്ത്രിച്ച് കൊണ്ട് ഖുര്‍ ആന്‍ പാരായണവും ദാനധര്‍മ്മങ്ങളും കൊണ്ട് പകല്‍ കഴിച്ചു കൂട്ടും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരത്തോടെ ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്നു. വ്രതാനുഷ്ഠാനങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളായി. ജുമഅ പള്ളികളില്‍ വച്ചോ പ്രത്യേകം സജ്ജമാക്കപ്പെട്ട ഈദ്ഗാഹില്‍ വച്ചോ പ്രത്യേക നമസ്‌കാരമുണ്ടാകും.
https://www.facebook.com/Malayalivartha



























