നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം, തിരുവല്ല ടൗണ്‍ ഹാള്‍ ഉപയോഗ ശൂന്യമെന്ന് അറിയിച്ചിട്ടും പൊളിച്ചുനീക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍

തിരുവല്ല നഗരസഭാ ടൗണ്‍ ഹാള്‍ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്ന സ്ഥിതിയില്‍ ആയിട്ട് വര്‍ഷങ്ങളായി. കെട്ടിടം ഉപയോഗ ശൂന്യമാണെന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം മൂന്നുവര്‍ഷം മുമ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പൊളിച്ചു നീക്കാന്‍ നടപടിയില്ല.
കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പൂര്‍ണമായും ഇളകിമാറി കമ്പികള്‍ ദ്രവിച്ച് നില്‍ക്കുന്ന കെട്ടിടം ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കെട്ടിടം പൊതു പരിപാടികള്‍ക്കായി വിട്ടു നല്‍കുന്നില്ല. ടൗണ്‍ ഹാളിനോടു ചേര്‍ന്ന കെട്ടിടത്തിലാണ് കുടുംബ കോടതി പ്രവര്‍ത്തിക്കുന്നത്. ടൗണ്‍ ഹാള്‍ കെട്ടിടം പൊളിച്ചാല്‍ അതോടൊപ്പം കോടതി കെട്ടിടവും ഇടിഞ്ഞു വീഴും. കോടതിയുടെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റാത്തതാണ് കെട്ടിടം പൊളിക്കുന്നതിന് തടസമാകുന്നതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
ഹൈക്കോടതി രജിസ്ട്രാറോട് കോടതി മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായും നഗരസഭ അധികൃതര്‍ പറഞ്ഞു. മൂന്നുമാസം മുമ്പ് കുടുംബ കോടതി സന്ദര്‍ശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉബൈദിനെ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിയതായും കോടതി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ നിയമമന്ത്രിക്ക് നിവേദനം നല്‍കിയതായും നഗരസഭ സെക്രട്ടറി എസ്. ബിജു പറഞ്ഞു.
തിരുമൂലപുരത്ത് നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ പണികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലേ കോടതിയുടെ പ്രവര്‍ത്തനം മാറ്റാന്‍ സാധിക്കൂവെന്നതാണ് നിലവിലെ സാഹചര്യമെന്നും പറയുന്നു.
https://www.facebook.com/Malayalivartha


























