ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ്: അച്ഛന്റെ വധവുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായതിനെതിരെ മകള്‍ ഹൈക്കോടതിയില്‍

കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍നിന്ന്, കൊലപാതകവുമായി ബന്ധപ്പെട്ട ഫയല്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിന്റെ ഫയലാണ് കാണാതായിരിക്കുന്നത്.
കൂത്തുപറമ്പ് കുട്ടിക്കുന്നിലെ തപസ്യയില്‍ ബാലന്‍ നമ്പ്യാരാണ് കൊല്ലപ്പെട്ടത്. പ്രസ്തുത കേസിന്റെ ഫയല്‍ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് ബാലന്‍ നമ്പ്യാരുടെ മകള്‍ വിനീത പി.എന്‍.സുകുമാരന്‍, കെ. വിശ്വന്‍ എന്നിവര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവൈഎസ്പിക്കു നോട്ടീസ് അയച്ചത്.കേസിന്റെ വിചാരണ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.
തിങ്കളാഴ്ച തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. ഫയല്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും ഫയല്‍ കിട്ടാതെ വിചാരണ തുടങ്ങുന്നതു പ്രോസിക്യൂഷനെ ബാധിക്കുമെന്നും ഫയല്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണു വിനീത ഹൈക്കോടതിയെ സമീപിച്ചത്. ഫയല്‍ കാണാതായതിനു പിന്നിലെ ദുരൂഹത ഏറുകയാണ്.
സംഭവത്തെക്കുറിച്ച് നിലവിലുള്ള അഡ്വക്കേറ്റ് ജനറലിനും ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ ബി.പി. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫയല്‍ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഐജിക്കും പ്രോസിക്യൂഷന്‍ കത്ത് നല്‍കിയിരുന്നു. കേസിന്റെ അന്വേഷണത്തിലും വന്‍ ഇടപെടല്‍ നടന്നിട്ടുള്ളതായിട്ടുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്.
വീടാക്രമിച്ചു ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ 302 വകുപ്പ് ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചതും കേസ് പൊളിക്കാനുള്ള ആസൂത്രിതനീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരേ സംഭവം നടന്ന് പതിനാല് വര്‍ഷത്തിനുശേഷം കോടതി 302 വകുപ്പ് ചുമത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബാലന്‍ നമ്പ്യാരുടെ മകള്‍ വിനീത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണു ഫയല്‍ എജി ഓഫീസിലേക്കു വിളിപ്പിച്ചത്.
സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിനീതയുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും കേസ് വിചാരണയ്ക്കായി തലശേരി സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ എത്തുകയും ചെയ്തു. ഈ സമയത്താണ് ഫയല്‍ അപ്രത്യക്ഷമായ വിവരം പ്രോസിക്യൂട്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.
2005 ജനുവരി 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പിലെ കുറ്റേരി ഗോവിന്ദന്‍ നമ്പ്യാര്‍ (70), കോരപ്പറമ്പ് ജയിംസ് (42), മാനന്തേരിയിലെ പ്രദീഷ് (43), മാറോളി വീട്ടില്‍ സുഹാസ് (42), പുത്തന്‍പുരയില്‍ സുനില്‍കുമാര്‍ (38), ശ്രീനിലയത്തില്‍ രൂപേഷ് (40), കല്ലുമ്മല്‍ ജയേഷ് (38), ഐശ്വര്യയില്‍ രതീശ് (40), കല്ല്യാര്‍ രതീശ് കുമാര്‍ (40) ചുണ്ടക്കാട്ട്പറമ്പ് സുരേഷ് കുമാര്‍ എന്ന മണി (41), രാജ് നിവാസില്‍ രാജീവന്‍ (42), തൈക്കണ്ടി വിനീഷ് (41), ഉച്ചുമ്മല്‍ ഷനോബ് എന്ന ഷനോജ് (44) എന്നിവരാണ് കേസിലെ പ്രതികള്‍.
https://www.facebook.com/Malayalivartha


























