രണ്ടായിരത്തോളം കുട്ടികള്‍ക്ക് രുചിയുടെ മേളവുമായി ശിശുക്ഷേമസമിതി

തിരുവനന്തപുരം: ബാല ചലച്ചിത്രമേളയോട് അനുബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മറ്റും സംസ്ഥാന ശിശുക്ഷേമസമിതി മൂന്ന് നേരവും രുചികരമായ ആഹാരമാണ് ദിവസവും ഒരുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആര്‍. രാജുവിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് തൈക്കാട് സംഗീത കോളജില്‍ ഒരുക്കിയ ഊട്ടുപുരയില്‍ ആഹാരം പാചകം ചെയ്യുന്നത്. രാവിലെ ദോശ, ഇഡലി, പുട്ട് എന്നിവയും ഉച്ചയ്ക്ക് മന്‍ അല്ലെങ്കില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള ഊണ്. വൈകുന്നേരം ചപ്പാത്തിയോ പൊറോട്ടയോ ആയിരിക്കും. കൂടെ ചിക്കനോ, ബീഫോ, മുട്ടക്കറിയോ ഉണ്ടായിരിക്കും.
മറ്റ് ജില്ലകളില്‍ നിന്ന് മേളയ്‌ക്കെത്തിയ ആദിവാസി കുട്ടികളും അനാഥാലയത്തിലെയും മഹിളാമന്ദിരത്തിലെയും കുട്ടികളും അധ്യാപകരും അടക്കം രണ്ടായിരത്തോളം പേര്‍ക്കാണ് ദിവസവും ആഹാരം നല്‍കുന്നതെന്ന് ആര്‍. രാജു പറഞ്ഞു. കൂടാതെ ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ വന്നാല്‍ അവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. ഏതെങ്കിലും കാറ്ററിംഗ് കമ്പനിക്ക് കരാര്‍ നല്‍കാതെ സാധനങ്ങള്‍ വാങ്ങി നല്‍കിയ ശേഷം ആളുകളെ കൊണ്ട് പാചകം ചെയ്യിക്കുകയാണ്. ശിശുക്ഷേമസമിതിയിലെ ആയമാരും ജീവനക്കാരുമാണ് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്.
തിരുവനന്തപുരം നഗരസഭ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എത്തിച്ച് സഹായിക്കുന്നുണ്ട്. ത്രിവേണി സബ്‌സിഡി നിരക്കില്‍ അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ നല്‍കുന്നു. കെപ്‌ക്കോ കിലോയ്ക്ക് 20 രൂപ കുറച്ചാണ് ചിക്കന്‍ തരുന്നത്. പാല്‍ വിതരണ സൊസൈറ്റിയായ മില്‍ക്കോ ലിറ്ററിന് രണ്ട് രൂപ കുറച്ചാണ് പാല്‍ നല്‍കുന്നത്. ബുഫേ രീതിയിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് ആവശ്യാനുസരണം ഇഷ്ടമുള്ള ആഹാരം കഴിക്കാം.
https://www.facebook.com/Malayalivartha