രണ്ട് പേർ ചേർന്ന് അർജ്ജുനെ ക്രൂരമായി മർദ്ദിച്ചത് മറ്റു 2 പേര്‍ നോക്കി നിന്നു; മരിച്ചെന്ന് ഉറപ്പായതിന് ശേഷം നാലുപേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി:- മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ സ്ഥാപിച്ചു- കൃത്യത്തിന് ശേഷം അർജ്ജുന്റെ വീട്ടുകാർക്ക് മുമ്പിൽ ഭാവഭേദമില്ലാതെ പ്രതികൾ

എറണാകുളം നെട്ടൂരില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ സംഭവത്തിലെ പ്രതികളെ പൊലീസിലേല്‍പ്പിച്ചത് കൊല്ലപ്പെട്ട അര്‍ജുന്റെ സുഹൃത്തുക്കള്‍. കുമ്പളം മാന്ദനാട്ട് വീട്ടില്‍ വിദ്യന്റെ മകന്‍ അര്‍ജുന്റെ (20) മൃതദേഹമാണ് ചതുപ്പില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ കൃത്യം നടത്തിയവര്‍ കൊലപാതകക്കുറ്റം സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ടതെവിടെയെന്ന് കാണിച്ച് നല്‍കിയതും പ്രതികള്‍ തന്നെ. സംശയം തോന്നിയ അര്‍ജുന്റെ സുഹൃത്തുക്കളാണ് പൊലീസില്‍ കീഴടങ്ങാന്‍ പ്രതികളോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ജൂലൈ 2 നാണ് അര്‍ജുനെ കാണാതായത്. ഇതെ തുടര്‍ന്ന് അര്‍ജുന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണ് മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന നിഗമനത്തില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ അര്‍ജുന്‍ ബൈക്കില്‍ സഞ്ചരിക്കേ കളമശേരിയില്‍ ഉണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അര്‍ജുന്‍ ചെയ്ത് തെറ്റാണെന്നും ആരോപിച്ച് മരിച്ചയാളുടെ സഹോദരന്‍ അര്‍ജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു.
ജുലൈ 2ന് രാത്രി പത്തോടെ കുമ്ബളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അര്‍ജുനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തിയത്. 2 പേര്‍ മർദ്ദിക്കുമ്പോൾ മറ്റു 2 പേര്‍ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ 4 പേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഇവര്‍ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.
അര്‍ജുനെ കൊല്ലുമെന്ന് പ്രതികളിലൊരാളായ വിപിന്‍ ഭീഷണി മുഴക്കിയത് അറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയശേഷം വിവരങ്ങള്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ ഒന്നും ചെയ്തില്ല ആന്റി, എന്ന് യാതൊരു ഭാവവ്യത്യാസവും കൂടാതെ പ്രതികള്‍ അര്‍ജുന്റെ അമ്മയോട് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, പ്രതികള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നാന്‍ കാരണം. ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും സ്റ്റേഷനിലേക്ക് എത്തിക്കാന്‍ അവര്‍ ആവശ്യപ്പെടുകയുമായിരുന്നു. അതോടൊപ്പം, ദൃശ്യം മോഡലില്‍ കൊല ചെയ്തശേഷം അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ഏതോ ഒരു ലോറിയില്‍ ഉപേക്ഷിച്ച് അന്വേഷണം വഴി മുട്ടിക്കാനും പ്രതികള്‍ ശ്രമിച്ചു.
https://www.facebook.com/Malayalivartha