പിണറായി ലണ്ടനിൽ പോയത് മസാല ബോണ്ട് വിൽക്കാനല്ല മസാല ബോണ്ട വിൽക്കാൻ; പൊലീസ് പ്രവർത്തിക്കുന്നത് മദയാനകളെപ്പോലെ; ആഞ്ഞടിച്ച് മുല്ലപ്പള്ളി

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നെടുങ്കണ്ടത്ത് കസ്റ്റഡിമര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇടതു പക്ഷം ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ സിപിഎം ശ്രമിച്ച മതേതര ഐക്യ മുന്നണി തകർത്തത് പിണറായി വിജയനും കേരളത്തിലെ പിബി അംഗങ്ങളും ആണെന്നും കാലം അതിന് മാപ്പ് നൽകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരള പോലീസിനെതിരെയും മുല്ലപ്പള്ളി ആഞ്ഞടിച്ചു. കേരളത്തിൽ പൊലീസ് രാജാണ് ഇപ്പോഴുള്ളത് എന്ന് മുല്ലപ്പള്ളി പറഞ്ഞു. പൊലീസ് പ്രവർത്തിക്കുന്നത് മദയാനകളെപ്പോലെയാണ്. മുഖ്യമന്ത്രി ലണ്ടനിൽ പോയത് മസാല ബോണ്ട് വിൽക്കാനല്ല, മസാല ബോണ്ട വിൽക്കാനാണ്. പിണറായി വിജയന്‍- നരേന്ദ്രമോദി സര്‍ക്കാരുകള്‍ക്കെതിരെ ദ്വിമുഖ പോരാട്ടമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തേണ്ടത്. പാർട്ടിയിൽ പരദൂഷണക്കാർക്ക് സ്ഥാനമില്ല. വാട്ട്സാപ്പിൽ പരതുന്നവരെക്കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പ്രയോജനവും ഉണ്ടായില്ല. പാർട്ടിക്ക് പോസിറ്റീവ് ആയി പ്രവർത്തിക്കുന്നവരെയാണ് ആവശ്യം. വ്യക്തി ശുദ്ധി , സുതാര്യത എന്നിവ അനിവാര്യമാണ്. പ്രവർത്തനം വിലയിരുത്താനും തിരുത്താനും പ്രവർത്തകർക്ക് മാർഗ്ഗ നിർദ്ദേശ രേഖ നടപ്പാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കർണ്ണാടകത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുന്നത് നരേന്ദ്രമോദിയാണ്. ജനാധിപത്യ പ്രക്രിയയെ ബിജെപി അട്ടിമറിക്കുകയാണ്. പാർലമെന്‍റിന്‍റെ പവിത്രത പോലും നഷ്ടമായി .പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഴങ്ങിയത് തീവ്രഹിന്ദുത്വ രാജ്യത്തിനായുള്ള കാഹളമാണ്. മോദിയും അമിത് ഷായും പ്രചരിപ്പിക്കുന്ന രാഷ്ട്രീയം പകയുടേയും വിദ്വേഷത്തിന്‍റേതുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ചരിത്രം കൽപിച്ച് നൽകുക ചവറ്റുകുട്ടയായിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാർട്ടിയെയും സർക്കാരിനെയും ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറി. സ്വേച്ഛാധിപതിയായി ഭരണം കയ്യാളുമ്പോൾ ലൂയി പതിനാലാമനും, ഹിറ്റ്ലർക്കും മുസോളനിക്കുമുണ്ടായ ഗതികേട് അദ്ദേഹം ഓർക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജില്ലാ കോൺഗ്രസ് ക്യാംപ് എക്‌സിക്യുട്ടിവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്സിയെ നോക്കുകുത്തിയായി മാറ്റിയിരിക്കുകയാണ്. മധ്യപ്രദേശിലെ വ്യാപത്തേക്കാൾ വലിയ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം എന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് കൗമാര കുറ്റവാളികളെ വളർത്തിയെടുക്കുന്ന കേന്ദ്രമായി മാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. സംസ്ഥാനത്തെ നഗരങ്ങളെ കീഴടക്കിവച്ചിട്ടുള്ള സംഘങ്ങളിൽ പലരും ക്യാംപസിൽ നിന്ന് വന്ന എസ്എഫ്ഐക്കാരാണെന്നാണ് ഒരു പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി പ്രശ്‌നങ്ങളെ നിസാരവൽകരിക്കുകയാണ്. കുറച്ചുനാളുകളായി നടക്കുന്നത് കൊള്ളരുതായ്മകൾ മാത്രമാണ്.
ശബരിമല വിഷയത്തിൽ കുറ്റക്കാരായ പൊലീസുകാരാരെന്ന് പറയാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും സാധിക്കണം. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം അരാജകത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്തൂരിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം അദ്ദേഹത്തിന്റെ കുടുംബത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു മുല്ലപ്പള്ളി ആരോപിച്ചു.
https://www.facebook.com/Malayalivartha

























