മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് ബിഎസ്സി വിദ്യാർത്ഥി; കെവിൻ പീറ്റേഴ്സന്റെയും ബോയൻ സ്ലാട്ടിന്റെയും ആഗോള പ്രശംസ നേടി സുരേന്ദ്ര സിങ്...

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ബിയോറയിൽ നിന്നുള്ള ഇരുപത്തൊന്നുകാരനായ ബിഎസ്സി വിദ്യാർത്ഥി സുരേന്ദ്ര സിങ് ചൗധരി (ബിട്ടു തബാഹി), മലിനമായ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് മാതൃകയായി മാറിയിരിക്കുകയാണ്. പ്രാദേശിക ക്ഷേത്രത്തിന് സമീപം പ്ലാസ്റ്റിക്കും ചെളിയും അടിഞ്ഞുകൂടി ദുർഗന്ധം വമിച്ചിരുന്ന നദി വൃത്തിയാക്കാൻ, മറ്റാരുടെയും സഹായത്തിന് കാത്തുനിൽക്കാതെ 2026 ജനുവരി 26-നാണ് ഈ യുവാവ് രംഗത്തിറങ്ങിയത്. തുടക്കത്തിൽ ചില സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് ഇതൊരു ഒറ്റയാൻ പോരാട്ടമായി മാറുകയായിരുന്നു. കൃത്യമായി നീന്താൻ പോലും അറിയാത്ത ബിട്ടു, യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളോ ഗ്ലൗസോ ബൂട്ടോ ഇല്ലാതെയാണ് നദിയിലെ ടൺ കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തത്.
ശുചീകരണത്തിനായുള്ള ഉപകരണങ്ങൾ സ്വന്തം പണം മുടക്കിയും സുഹൃത്തുക്കളിൽ നിന്ന് സംഭാവന സ്വീകരിച്ചുമാണ് അദ്ദേഹം വാങ്ങിയത്. കയ്യിൽ അണുബാധയേറ്റിട്ടും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. നദിയിൽ നിന്ന് ശേഖരിച്ച പൂജാവശിഷ്ടങ്ങൾ അദ്ദേഹം കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്തു.ഈ അസാധാരണ പ്രയത്നത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം വലിയ പ്രശംസയാണ് ബിട്ടുവിനെ തേടിയെത്തുന്നത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ ഈ വാർത്ത എക്സിൽ പങ്കുവെക്കുകയും, ബിട്ടുവിന്റെ കഠിനാധ്വാനം ആഗോള അംഗീകാരം അർഹിക്കുന്നതാണെന്ന് കുറിക്കുകയും ചെയ്തു. ഇതിന് പുറമെ, ആഗോള പരിസ്ഥിതി സംഘടനയായ 'ദി ഓഷ്യൻ ക്ലീനപ്പ്' സ്ഥാപകനും സിഇഒയുമായ ബോയൻ സ്ലാട്ട്, ബിട്ടുവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി തന്റെ സംഘടനയിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























