സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ചത്ത കൊച്ചിന് എന്തിന് ജാതകം എഴുതണം. കേരള ജനത തൂത്തുവാരി തോല്‍പ്പിച്ച നിയസഭാ ഫലത്തെപ്പറ്റി കുറ്റപ്പെടുത്തലും കണ്ടെത്തലുകളും കണക്കെഴുത്തും നടത്തുന്ന സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്. പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ് പരമദയനീയ തോല്‍വിക്ക് കാരണമായതെന്ന് തിരിച്ചറിയാനുള്ള വിവരം ഈ കാലഹരണപ്പെട്ട പാര്‍ട്ടിയിലെ സഖാക്കള്‍ക്കൊന്നും ഇല്ലാതെ പോയി എന്നതാണ് സത്യം. രണ്ടാം പിണറായി സര്‍ക്കാരില്‍ പിണറായി ഉള്‍പ്പെടെ ഒരു മന്ത്രിമാരുപോലും ജനങ്ങളുടെ പ്രീതീക്ഷയ്‌ക്കൊപ്പം ഉയര്‍ന്നില്ല.
പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്റെ അഹന്തയും അഹങ്കാരവും ധിക്കാരവും ജനം വെറുത്തുപോയി.പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുകളില്‍ സര്‍വാധിപതിയായി മാറിയതും ജനത്തെ വെറുപ്പിച്ചു. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ സകലമാന കൊള്ളകളിലും പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കും പാര്‍ട്ടിക്ക് അറിവും ഉണ്ടായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു. സിപിഎം എന്ന പ്രസ്ഥാനത്തിലെ പൊള്ളത്തരങ്ങളും കമ്യൂണിസത്തിലെ കാലഹരണപ്പെട്ട പൊട്ടത്തരങ്ങളും പുതിയ തലമുറ തിരിച്ചറിഞ്ഞതോടെ ഈ പ്രസ്ഥാനത്തോട് വിവരമുള്ള സഖാക്കള്‍ വരെ അകന്നുപോയി എന്നു തിരിച്ചറിയാനുള്ള വിവരം നേതാക്കള്‍ക്ക് ഇല്ലാതെ പോയി.
രണ്ടല്ല ഇരുപതു ദിവസം സംസ്ഥാന കമ്മിറ്റി കൂലംകഷമായി ചര്‍ച്ച ചെയ്താലും സത്യം ഒന്നു മാത്രം. തോല്‍വിയുടെ കാരണക്കാര്‍ പിണറായി വിജയനും എംവി ഗോവിന്ദനും മാത്രമാണ്.പാര്‍ട്ടി ചവിട്ടി ഉഴിച്ചില്‍ നടത്തി സ്വയം ചികിത്സയ്ക്ക് വിധേയമാവുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോട് നടക്കുന്ന സി.പി.എം വിശാല സംസ്ഥാന കമ്മിറ്റിയെ പിണറായി ഭയപ്പെടുന്നുണ്ട്. സെക്രട്ടറി സ്ഥാനം തെറിക്കുമോയെന്ന് എംവി ഗോവിന്ദനും നല്ല ഭീതിയുണ്ട്. എംഎ ബേബി പങ്കെടുക്കുന്ന കമ്മിറ്റിയില്‍ നേതൃമാറ്റം എന്ന നടപടിയിലേക്ക് നീങ്ങാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സംസ്ഥാന നേതൃത്വം.
ചര്‍ച്ചയ്ക്ക് മാര്‍ഗരേഖയില്ലാത്തതിനാല്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം കടുപ്പിക്കാനാണ് തോമസ് ഐസക്ക് ഉള്‍പ്പെടെ സമഗ്ര തെറ്റുതിരുത്തല്‍ ആവശ്യപ്പെടുന്നവരുടെ നീക്കം. കേരളത്തിനു പുറത്തുള്ള അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ട്.
കമ്മിറ്റിയില്‍ തുറന്ന ചര്‍ച്ച നടക്കണമെന്നാണ് ഇവരുടെ നിലപാട്. കെ.ബാലകൃഷ്ണന്‍, യു.വാസുകി, ബി.വി.രാഘവലു, അശോക് ധാവളെ, വിജു കൃഷ്ണന്‍ എന്നീ പി.ബി അംഗങ്ങളാണ് കേരളത്തിന് പുറത്തുള്ളവര്‍.
വീഴ്ചപറ്റിയാല്‍ നേതൃത്വം തിരുത്തണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് ഇന്നലെ ആവര്‍ത്തിച്ചതും ഈ പശ്ചാത്തലത്തിലാണ്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്നലെ വിമര്‍ശനം ഉയര്‍ന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ച ആര്‍ക്കെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കണം എന്ന അഭിപ്രായവും സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നു.
തളിപ്പറമ്പില്‍ ഭാര്യ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്ന് എംവി ഗോവിന്ദനാണ്. ആന്തൂര്‍ സാജന്റെ മരണത്തിന് വരെ കാരണക്കാരിയായ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വമാണ് വടക്കന്‍ കേരളത്തില്‍ ഇത്ര പരമ ദയനീയ തോല്‍വിക്കു കാരണമായത്.
അണികളെ പഴിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം ഉള്‍പ്പെടുത്താതെയാണ് കരട് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പി. ജയരാജന്റെ പരസ്യനിലപാട് വിമര്‍ശനമായി ഉന്നയിക്കാനും സാധ്യതയുണ്ട്. കനത്ത തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ നയരൂപവത്കരണങ്ങള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാകുന്ന നിര്‍ണായക രേഖയാണ് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വരുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഈ രാഷ്ട്രീയ രേഖ പാര്‍ട്ടിയുടെ ഭാവി പ്രവര്‍ത്തന ശൈലി,
കേഡര്‍ നയം, നേതൃത്വത്തിന്റെ ഉത്തരവാദിത്തം എന്നിവയിലെ തിരുത്തലിനുള്ള തുടക്കമായിരിക്കും.മുമ്പ് തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച് ജില്ലകളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സമാഹരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി നിരവധി തിരുത്തലുകള്‍ വരുത്തിയിരുന്നു. ജില്ലകളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയുള്ള റിപ്പോര്‍ട്ടാണ് അന്ന് സെക്രട്ടേറിയറ്റ് തയാറാക്കിയിരുന്നത്. പരാജയ കാരണം ജനങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കം ഒരു വിഭാഗം വാദിക്കുന്നതിനിടെയാണ് നിര്‍ണാകമായ സംസ്ഥാന കമ്മിറ്റി ചേരുന്നത്.
ജനങ്ങള്‍ക്കല്ല, പാര്‍ട്ടിക്കാണ് വീഴ്ച പറ്റിയതെന്ന വാദം സംസ്ഥാന കമ്മിറ്റിയില്‍ ഒരു വിഭാഗത്തിനുണ്ട്. ഇതിന്റെ അനുരണനങ്ങള്‍ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പടെ മുന്‍പുതന്നെ പുറത്തുവരികയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























