എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച കേസ്.. 28 പേരെ പ്രതികളാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ്..പ്രതികളുടെ വിരൽ അടയാളം കണ്ടെത്തിയിട്ടുണ്ട്..

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധനയ്ക്കാനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുന്നു. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രാദേശിക-ജില്ലാ നേതാക്കളായ 28 പേരെ പ്രതികളാക്കിയാണ് പോലീസ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
കേരള രാഷ്ട്രീയത്തെ ആകെ ഇളക്കിമറിച്ച വിവാദ സംഭവത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അന്തിമ നിഗമനങ്ങളിലേക്ക് എത്തുന്നത്. കേസില്‍ ഉള്‍പ്പെട്ട സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളടക്കമുള്ള പ്രതികള്‍ ആഴ്ചകളോളം ജയില്‍വാസം അനുഭവിച്ച ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. കന്റോണ്‍മെന്റ് എ.സി.പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള സാമ്പത്തിക ഇടപാട് കേസിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ പരിശോധന തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വകവരുത്തുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയുമാണ് അക്രമികള്‍ അവിടെ തടിച്ചുകൂടിയതെന്നാണ് പോലീസിന്റെ ആദ്യഘട്ട കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥ സഞ്ചരിച്ച ഔദ്യോഗിക വാഹനം ഇടിച്ചും കല്ലെറിഞ്ഞും കല്ലുകളും വടികളും ഉപയോഗിച്ച് അടിച്ചുതകര്‍ത്തുമാണ് അക്രമികള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത്. ഇ.ഡി ഉദ്യോഗസ്ഥരുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലായിരുന്നു സമരാനുകൂലികളുടെ അഴിഞ്ഞാട്ടം.സംഭവദിവസം രാവിലെ പത്ത് മണിയോടെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്ത് ഒത്തുചേര്‍ന്നിരുന്നു. മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് വന്‍ ആക്രമണം അഴിച്ചുവിട്ടത്.
അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി ഉണ്ടായ ഒന്നല്ല ഇതെന്നും, കൃത്യമായി ആലോചിച്ചുറപ്പിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.എന്നാല്‍, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിന്റെ ആദ്യഘട്ട കുറ്റപത്രത്തില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതിനാലാണ് ആദ്യഘട്ടത്തില്‍ നിന്ന് ഇത് ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha



























