വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി

'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട് നേരിട്ട വിമര്‍ശനങ്ങളും ട്രോളുകളും തന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമയ്ക്ക് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ മലയാള സിനിമയില്‍ തന്നെ പിന്നീട് കാസ്റ്റ് ചെയ്യുന്നതില്‍ ചിലര്‍ക്ക് ആശങ്കയുണ്ടാക്കിയതായി തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്നുപറച്ചില്‍.
ഏറെ പ്രതീക്ഷകളോടെ 2023ല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് ലഭിച്ച പ്രതികരണം തനിക്ക് വ്യക്തിപരമായി വലിയ തിരിച്ചടിയായെന്നാണ് നടിയുടെ വിലയിരുത്തല്‍. സിനിമയിലെ തന്റെ പ്രകടനവും പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയും വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങള്‍ അഭിനയത്തിലെ പോരായ്മകള്‍ തിരിച്ചറിയാനും അവ പരിഹരിക്കാനും സഹായിച്ചിട്ടുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി.
മുമ്പും വൈകാരിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന വിമര്‍ശനങ്ങള്‍ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ഇപ്പോള്‍ അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും താരം പറഞ്ഞു. സൃഷ്ടിപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കാറുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളും ട്രോളുകളും വേദനിപ്പിക്കാറുണ്ട്.
'കിങ് ഓഫ് കൊത്ത'യിലെ കഥാപാത്രത്തിന്റെ പേരായ രാജുവിനൊപ്പം 'ഏട്ടാ' എന്ന് ചേര്‍ത്ത് വിളിക്കുന്ന സംഭാഷണവും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടതായി നടി ഓര്‍ത്തെടുത്തു. ഒരിക്കല്‍ ഹലോ മമ്മിയുടെ സെറ്റിലെ ആദ്യ ദിവസം. ഒരു എഡി രാജുവേട്ടാ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു. സിനിമയുടെ കാലഘട്ടവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ചാണ് അത്തരമൊരു സംഭാഷണം ഉപയോഗിച്ചതെങ്കിലും പ്രേക്ഷകര്‍ അത് ഏറ്റെടുത്തില്ല.
സിനിമയ്ക്ക് ശേഷം ദുല്‍ഖറിനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരുന്നുവെന്ന് ഐശ്വര്യ വെളിപ്പെടുത്തി. എന്നാല്‍ 'കിങ് ഓഫ് കൊത്ത'യുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായിരുന്ന പ്രതികരണങ്ങള്‍ ബ്രാന്‍ഡിനെയും ബാധിച്ചേക്കുമെന്ന ആശങ്കയില്‍ ആ അവസരത്തില്‍നിന്ന് പിന്മാറാന്‍ താനാണ് നിര്‍ദേശിച്ചതെന്നും താരം പറഞ്ഞു. ദുല്‍ഖറിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയമോ എന്ന കാര്യത്തില്‍ പോലും തനിക്ക് സംശയമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























