സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയല്ല എസ്.എഫ്.ഐ എന്ന കോടിയേരിയുടെ വാദം തിരിഞ്ഞ് കൊത്തുന്നു

സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയല്ല എസ്.എഫ്.ഐ എന്ന കോടിയേരിയുടെ വാദം തിരിഞ്ഞ് കൊത്തുന്നു. സംസ്ഥാനത്തുടനീളം എസ്.എഫ്.ഐയെ ഇറക്കിവിട്ട് സി.പി.എം നടത്തിയ അക്രമങ്ങള്‍ എന്തിനായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ചോദ്യം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എസ്.എഫ്.ഐ സ്വതന്ത്ര സംഘടനയാണെന്നും സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന അല്ലെന്നും കോടിയേരി വ്യക്തമാക്കിയത്. വിദ്യാര്‍ഥിവിരുദ്ധ രാഷ്ട്രീയം തള്ളുക എന്ന ലേഖനം ഇന്നലെയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.
എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യൂണിവേഴ്‌സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അന്ന് പ്രക്ഷോഭം തുടങ്ങിയ സി.പി.എം. പിന്നീട് എസ്എഫ്‌ഐയെ ഏല്‍പ്പിച്ചു. അഥിന് ശേഷം സംസ്ഥാനത്തിന്റെ പലഭാഗത്തും അക്രമസംഭവങ്ങളുണ്ടായി. തലസ്ഥാന നഗരത്തില്‍ അക്രമം നടത്തിയ എസ്.എഫ്.ഐക്കാര്‍ എ.കെ.ജി സെന്ററില്‍ ഓടിക്കയറി. അവിടെ നിന്ന് പൊലീസിന് നേരെ അവര്‍ കല്ലെറിഞ്ഞു. എകെജി സെന്ററില്‍ കയറി പൊലീസ് അവരെ പിടികൂടാന്‍ നില്‍ക്കുന്നതും എസ്എഫ്‌ഐക്കാര്‍ കല്ലെറിയാന്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നിരുന്നു. അന്ന് എന്തിനാണ് എസ്.എഫ്.ഐക്കാരെ സംരക്ഷിച്ചത്? സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന ആയത് കൊണ്ടല്ലേ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സൈബര്‍ ഇടത്തില്‍ നിന്ന് ഉയരുന്നത്.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് സ്വയംവിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ സംഘടനയില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞ് കയറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും കുറ്റപ്പെടുത്തി. സ്വതന്ത്രസംഘടനയുടെ കാര്യത്തില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര ഉത്കണ്ഠ? പാലക്കാട് വിക്‌ടോറിയ കോളേജിലെ പ്രിന്‍സിപ്പാളിന് ശവക്കുഴി തോണ്ടി എസ്.എഫ്.ഐ നേതാക്കള്‍ റീത്ത് വച്ചിരുന്നു. അന്ന് പി.ബി അംഗമായ എം.എ ബേബി പറഞ്ഞത് അതൊരു ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കണ്ടാല്‍ മതിയെന്നാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര എസ്.എഫ്.ഐക്കാര്‍ കത്തിച്ചപ്പോഴും ന്യായീകരണം നടത്തിയതും സി.പി.എമ്മുകാര്‍ തന്നെ.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും, എസ്എഫ്‌ഐക്കാര്‍ കത്തിയും കൊണ്ടാണോ പോകുന്നതെന്ന് ചോദിച്ച മന്ത്രി പി. സുധാകരനെയും കോടിയേരി ലേഖനത്തില്‍ തള്ളിപ്പറയുന്നുമില്ല. അതിനാല്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ എസ്.എഫ്.ഐക്കെതിരെ വ്യത്യസ്തമായ നിലപാട് ഉണ്ടെന്ന് വ്യക്തമാണ്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐക്കാര്‍ പാളയത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രതികളെ സംരക്ഷിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കേസുകള്‍ എഴുതിത്തള്ളി. അതിനൊക്കെ കോടിയേരിക്ക് എന്താണ് പറയാനുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























